കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ വഞ്ചനാക്കുറ്റത്തിന് കേസ്. നടൻ നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് വി എസ് ഷംനാസാണ് ഇരുവർക്കുമെതിരേ പരാതി നൽകിയിരിക്കുന്നത്. ഇയാളിൽ നിന്നും പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ആക്ഷൻ ഹീറോ ബിജു 2വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കോടതി നിർദ്ദേശപ്രകാരമാണ് തലയോലപ്പറമ്പ് പോലീസ് നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. 406,420,34 വകുപ്പുകൾ ചുമത്തിയാണ് തലയോലപ്പറമ്പ് പോലീസ് കേസെടുത്തിരിക്കുന്നത്.
മഹാവീര്യർ സിനിമയുടെ പരാജയത്തെ തുടർന്ന് നിവിൻ പോളി 95 ലക്ഷം രൂപ പി സി ഷൈനിന് നൽകാമെന്നും എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജു2വിന്റെ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പ് നല്‍കിയിരുന്നതായാണ് പരാതി. തുടർന്ന് 2024 ഏപ്രിൽ മാസത്തിൽ സിനിമ നിർമാണത്തിനായി 1 കോടി 90 ലക്ഷം പി എസ് ഷംനാസ് കൈമാറുകയും ചെയ്തതായി പറയുന്നു. പിന്നീട് സിനിമയുടെ ടൈറ്റിൽ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് കത്ത് നൽകിയതിനു ശേഷം എബ്രിഡ് ഷൈന്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിന്നും പി എസ് ഷൈനിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പി എസ് ഷംനാസിനെ മറച്ചുവെച്ചുകൊണ്ട് മുൻ കരാർ കാണിച്ച് ദുബായിൽ പ്രവർത്തിക്കുന്ന ഒരു മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമാണ് പരാതി.
ദുബായ് ആസ്ഥാനമാക്കിയുള്ള കമ്പനിയിൽ നിന്നും നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയേഴ്‌സിന് അവകാശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ചു കോടി രൂപയുടെ വിതരണാവകാശം ഉറപ്പിക്കുകയും രണ്ടുകോടി രൂപ അഡ്വാൻസായി കൈപ്പറ്റുകയും ചെയ്തതായും പരാതിയിൽ പറയുന്നു.


