News

ദുരന്തനായകനായി ഹാരി കെയ്ന്‍,ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പ് സെമിയില്‍

ദോഹ: ഖത്തര്‍ ലോകകപ്പ് ഇതുവരെ കണ്ടതില്‍ എറ്റവും ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈനലില്‍ കടന്നു.പോര്‍ച്ചുഗലിനെ അട്ടമറിച്ച ആഫ്രിക്കന്‍ കരുത്തന്‍മാരായ മോറോക്കയെ സെമിയില്‍ ഫ്രാന്‍സ് നേരിടും.നായകന്‍ ഹാരി കെയ്ന്‍ പെനാല്‍ട്ടി പാഴാക്കുന്നത് അവിശ്വസനീയതയോടെ നോക്കിക്കണ്ട ആരാധകര്‍ക്കുമുന്നില്‍ അവസാന നിമിഷംവരെ ഇംഗ്ലീഷുകാര്‍ പൊരുതിക്കൊണ്ടേയിരുന്നു.

84ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി നായകന്‍ ഹാരി കെയ്ന്‍ പുറത്തേക്കടിച്ചത് ഇംഗ്ലണ്ട് താരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ അവിശ്വസനീയമായിരുന്നു. ഇംഗ്ലീഷ് താരം മേസണ്‍ മൗണ്ടിനെ തിയോ ഹെര്‍ണാന്‍ഡസ് ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍ അവസരം ഇംഗ്ലണ്ടിന് മുതലാക്കാനായില്ല.

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ഇംഗ്ലണ്ടിനെ 54ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഹാരി കെയ്ന്‍ തന്നെയാണ് ഒപ്പമെത്തിച്ചത്. 78ാം മനിറ്റില്‍ ഇംഗ്ലണ്ടിനെ പിന്നിലാക്കി വീണ്ടും ഫ്രാന്‍സ് മുന്നിലെത്തി. ഒളിവര്‍ ജിറൂഡിന്റെ തകര്‍പ്പന്‍ ഹെഡറാണ് ഫ്രഞ്ച് പടയെ വീണ്ടും മുന്നിലെത്തിച്ചത്.

കടലാസിലെ കരുത്ത് കളത്തിലും പുറത്തെടുത്ത് കൊണ്ടാണ് രണ്ട് ടീമുകളും തുടങ്ങിയത്. ഇരുവശത്തേക്കും മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായതോടെ തുടക്കത്തില്‍ തന്നെ കളി ടോപ്പ് ഗിയറിലേക്ക് കയറി. ആദ്യ ഗോള്‍ അതിവേഗം നേടി മാനസികാധിപത്യം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ഇരു യൂറോപ്യന്‍ വമ്പന്മാരും. നിരന്തരമായ മുന്നേറ്റങ്ങള്‍ക്കിടെ 11-ാം മിനിറ്റില്‍ ഫ്രാന്‍സിന് ആദ്യ അവസരം ലഭിച്ചു. വലതു വിംഗില്‍ നിന്ന് ഡെംബലെ നല്‍കിയ ക്രോസ് അല്‍പ്പം പണിപ്പെട്ട് ആണെങ്കിലും ജിറൂദ് ലക്ഷ്യത്തിലേക്ക് തിരിച്ച് വിട്ടെങ്കിലും ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ പിക്ക്ഫോര്‍ഡിന്‍റെ പൊസിഷന്‍ കിറുകൃത്യമായിരുന്നു.

ഫ്രാന്‍സ് താളം കണ്ടെത്തിയതോടെ ഇംഗ്ലണ്ട് കൂടുതല്‍ സുരക്ഷിതമായ രീതിയിലേക്ക് ഗെയിം പ്ലാന്‍ മാറ്റി. ആന്‍റോയിന്‍ ഗ്രീസ്മാന്‍ ആയിരുന്നു ഫ്രഞ്ച് സംഘത്തിന്‍റെ എഞ്ചിന്‍. വിംഗുകള്‍ മാറി മാറിയും മൈതാന മധ്യത്ത് പാറിപ്പറന്നും അത്ലറ്റിക്കോ മാഡ്രിഡ് താരം കളം നിറഞ്ഞു. 17-ാം മിനിറ്റില്‍ ഫ്രാന്‍സിന്‍റെ ഗോളടി മികവ് ഇംഗ്ലണ്ട് ശരിക്കും മനസിലാക്കി. പന്ത് വീണ്ടെടുത്ത് പാഞ്ഞു കയറി പ്രതിരോധത്തിലെ കരുത്തന്‍ ഉപമെക്കാനോ ആണ് എല്ലാം തുടങ്ങി വച്ചത്. അവസാനം ഗ്രീസ്മാന്‍ ചൗമെനിയിലേക്ക് പാസ് നല്‍കുമ്പോള്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് അപകടമൊന്നും തോന്നിയില്ല.

പക്ഷേ, റയല്‍ മാഡ്രിഡ് താരം 25 വാര അകലെ നിന്ന് തൊടുത്ത വെടിയുണ്ട സൗത്ത്ഗേറ്റ് ഒരുക്കിയ പ്രതിരോധ പൂട്ടിനെയും ഗോള്‍ കീപ്പറെയും കടന്ന വലയിലേക്ക് തുളഞ്ഞു കയറി. ഗോള്‍ കീപ്പര്‍ അടക്കം പത്ത് ഇംഗ്ലീഷ് താരങ്ങള്‍ മുന്നില്‍ നില്‍ക്കെയാണ് ചൗമെനി പോഗ്ബെയെ അനുസ്മരിക്കും വിധം അസാധ്യമായ ഗോള്‍ കുറിച്ചത്. ഗോള്‍ വഴങ്ങിയതോടെ ഇംഗ്ലണ്ട് ഉണര്‍ന്നു പൊരുതി. 22-ാം മിനിറ്റില്‍ ഉപമെക്കാനോയുടെ ഡിഫന്‍സ് പൊളിച്ച് ഹാരി കെയ്ന്‍ മുന്നോട്ട് കയറി വന്ന ഷോട്ട് എടുത്തെങ്കിലും ഹ്യൂഗോ ലോറിസ് എന്ന വന്മതില്‍ കടന്നില്ല. 26-ാം മിനിറ്റില്‍ കെയ്നെതിരെയുള്ള ഉപമെക്കാനോയുടെ ചലഞ്ചിന് ഇംഗ്ലണ്ട് താരങ്ങള്‍ പെനാല്‍റ്റിക്കായി മുറവിളി കൂട്ടിയെങ്കിലും റഫറി എതിരായി. വാര്‍ റൂമില്‍ നിന്നും ഇംഗ്ലണ്ടിന് അനുകൂലമായി വിധി എത്തിയില്ല.

ഒരു ഗോള്‍ വഴങ്ങിയെങ്കിലും ഇംഗ്ലീഷ് സംഘം പതിയെ കളം പിടിച്ചു. ഹാരി കെയ്ന്‍റെ നേതൃത്വത്തില്‍ സമനില ഗോളിനായി ത്രീ ലയണ്‍സ് ഇടംവലം നോക്കാതെ പൊരുതി. 29-ാം മിനിറ്റില്‍ ബോക്സിന് പുറത്ത് നിന്ന് കെയ്ന്‍ തൊടുത്ത ലോംഗ് റേഞ്ചര്‍ ലോറിസിനെ കുഴപ്പിച്ചെങ്കിലും ഗോള്‍ വഴങ്ങാതെ ഫ്രഞ്ച് സംഘം പിടിച്ചുനിന്നു.  39-ാം മിനിറ്റില്‍ മത്സരത്തില്‍ ആദ്യമായി കിലിയന്‍ എംബാപ്പെയേ തേടി ഒരു അവസരം എത്തി. തിയോ ഹെര്‍ണാണ്ടസ് നല്‍കിയ പന്ത് കാല്‍പ്പാകത്തിന് എത്തിയെങ്കിലും പിഎസ്‍ജി താരത്തിന്‍റെ ഷോട്ട് ആകാശത്തേക്ക് പറന്നു. ഒടുവില്‍ നാല് മിനിറ്റ് ഇഞ്ചുറി ടൈം ലഭിച്ചെങ്കിലും ഇരുവശത്ത് നിന്നും ഗോളുകള്‍ ഒന്നും വന്നില്ല.

രണ്ടും കല്‍പ്പിച്ച് കളിക്കാനുള്ള സകല നിര്‍ദേശങ്ങളും നല്‍കിയാണ് രണ്ടാം പാതിക്കായി സൗത്ത്ഗേറ്റ് ടീമിനെ പറഞ്ഞുവിട്ടത്. തുടക്കം തന്നെ ഫ്രഞ്ച് ബോക്സിലേക്ക് കെയ്നും കൂട്ടരും പാഞ്ഞെത്തി. 47-ാം മിനിറ്റില്‍ കോര്‍ണറിന് ഒടുവില്‍ ബോക്സിന് തൊട്ട് പുറത്ത് നിന്ന് ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ വലം കാലില്‍ നിന്ന് പാഞ്ഞ ഹാഫ് വോളി ലോറിസ് കുത്തിയകറ്റി. ഇതിന് ലഭിച്ച കോര്‍ണറിലും അപകടം വിതയ്ക്കാന്‍ ഇംഗ്ലീഷ് നിരയ്ക്ക് സാധിച്ചെങ്കിലും ഗോള്‍ മാത്രം അകലെ നിന്നു.

കൈമെയ് മറന്ന് പോരാടിയ ഇംഗ്ലണ്ടിന് ചിരിക്കാന്‍ അങ്ങനെ 52-ാം മിനിറ്റില്‍ അവസരമെത്തി. വെട്ടിയൊഴിഞ്ഞ് കയറിയ ബുക്കായോ സാക്കയെ പ്രതിരോധിച്ചതില്‍ ചൗമെനിക്ക് പിഴച്ചതോടെ ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെട്ടു. ഹാരി കെയ്ന്‍റെ ബുള്ളറ്റിന് മുന്നില്‍ ലോറിസിന് മറുപടിയുണ്ടായിരുന്നില്ല. ഇംഗ്ലീഷ് ആക്രമണങ്ങളെ ഇത്രയും നേരം പ്രതിരോധിക്കാന്‍ നോക്കിയ ഫ്രാന്‍സിന് ഇതോടെ അപകടം മണത്തു.

തന്ത്രം മാറ്റിയ ദിദിയര്‍ ദെഷാംസിന്‍റെ പട്ടാളം ഇംഗ്ലീഷ് പാളത്തിയിലേക്ക് മാര്‍ച്ചിംഗ് തുടങ്ങി. 55-ാം മിനിറ്റില്‍ ജൂലിയസ് കൂണ്ടെയുടെ പാസ് റാബിയോട്ടിലേക്ക് എത്തുമ്പോള്‍ ആവശ്യത്തിലധികം സ്പേസ് ഇംഗ്ലീഷ് പ്രതിരോധം അനുവദിച്ച് നല്‍കി. എന്നാല്‍, പിക്ഫോര്‍ഡിന്‍റെ കൈകള്‍ ഒരിക്കല്‍ കൂടെ രക്ഷക്കെത്തി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം എംബാപ്പെയുടെ പേസിന് മുന്നില്‍ കൈല്‍ വാക്കര്‍ പരാജയപ്പെട്ടെങ്കിലും അവസരം മുതലാക്കാന്‍ ഡെംബലെയ്ക്ക് സാധിച്ചില്ല.

മറുവശത്ത് സാക്കയുടെ ഓരോ നീക്കങ്ങളും ഫ്രഞ്ച് പ്രതിരോധത്തിന് തീരാ തലവേദന സൃഷ്ടിച്ച് കൊണ്ടേയിരുന്നു. ലോക ചാമ്പ്യന്മാരെ വട്ടം കറക്കി ഇംഗ്ലണ്ട് തന്നെയാണ് കളത്തില്‍ മേധാവിത്വം പുലര്‍ത്തിയത്. ഇതിനിടെ ഫ്രാന്‍സും വെറുതെയിരുന്നില്ല. ഹെര്‍ണാണ്ടസിന്‍റെ ക്രോസില്‍ ഡെംബെലയുടെ ഹെഡര്‍ കാലിലേക്ക് എത്തിയെങ്കിലും പിക്ഫോര്‍ഡിനെ മറികടക്കാന്‍ ജിറൂദിന് സാധിച്ചില്ല. തൊട്ടടുത്ത മിനിറ്റില്‍ രാജ്യത്തിന്‍റെ എക്കാലത്തെയും വലിയ ടോപ് സ്കോററിലൂടെ ഫ്രാന്‍സ് വീണ്ടും മുന്നിലെത്തി.

ആന്‍റോയിന്‍ ഗ്രിസ്മാന്‍ മനോഹരമായി തൊടുത്ത ക്രോസില്‍ ജിറൂദ് പറന്നുയര്‍ന്ന് ഹെഡ് ചെയ്തപ്പോള്‍ മഗ്വെയറിന് തടയാനായില്ല, പിക്ഫോര്‍ഡിനെയും കടന്ന് പന്ത് വലയിലെത്തി. 82-ാം മിനിറ്റില്‍ വീണ്ടും ഇംഗ്ലണ്ടിന് സമനില പിടിക്കാന്‍ അവസരം ഒരുങ്ങി. മേസന്‍ മൗണ്ടിനെ ബോക്സിനുള്ളില്‍ ഒരു ആവശ്യവുമില്ലാതെ വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെട്ടു. വാര്‍ ദൃശ്യങ്ങളാണ് ഇംഗ്ലീഷ് സംഘത്തിന് തുണയായത്. നിര്‍ണായക സമയത്ത് ലഭിച്ച അവസരം പക്ഷേ നായകന്‍ ഹാരി കെയ്ന് മുതലാക്കാനായില്ല.

കെയ്ന്‍റെ ഷോട്ട് ആകാശത്തേക്ക് പറന്നത് ഞെട്ടലോടെയാണ് ഗാലറിയിലെ ആരാധകര്‍ കണ്ടുനിന്നത്. തുടര്‍ന്ന് അവസാന വിസില്‍ വരെ ഇംഗ്ലീഷ് പട സമനില ഗോളിനായി വര്‍ധിത വീര്യത്തോടെ പൊരുതിയെങ്കിലും ഫ്രഞ്ച് പ്രതിരോധത്തിന്‍റെ ആണിക്കല്ല് ഇളക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ഖത്തറില്‍ നിന്ന് സൗത്ത്ഗേറ്റിനും കുട്ടികള്‍ക്കുമുള്ള മടക്ക ടിക്കറ്റിനുള്ള അവസാന വിസിലും മുഴങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button