തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും ജീവപര്യന്തം തടവ് ലഭിച്ചെങ്കിലും അപ്പീലില്‍ ഹൈക്കോടതിയില്‍ നിന്ന് ശിക്ഷയ്ക്ക് സ്റ്റേ ലഭിക്കാന്‍ വൈകിയേക്കും. ഏതാണ്ട് ഒരു വര്‍ഷമെങ്കിലും പ്രതികള്‍ക്ക് ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍ ഹൈക്കോടതി സാധാരണ ശിക്ഷയ്ക്ക് സ്റ്റേ അനുവദിക്കാറില്ല. ജീവപര്യന്തം ശിക്ഷ ആണെങ്കില്‍ കൂടി അപൂര്‍വമായി മാത്രമേ സ്റ്റേ ചെയ്യാറുമുള്ളൂ. അങ്ങനെ ശിക്ഷ സ്റ്റേ ചെയ്യണമെങ്കില്‍ പ്രതിക്ക് കുറ്റകൃത്യവുമായി ബന്ധമില്ലെന്നതിന് ശക്തമായ തെളിവുകളും വേണം.
സാധാരണ ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാതിരിക്കുന്നതുമാണ് കീഴ്വഴക്കമെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു. കൊലപാതക കേസുകളില്‍ അപ്പീല്‍ ഫയല്‍ ചെയ്താലും കേസുകളുടെ ബാഹുല്യം കാരണം ഇത് ഹൈക്കോടതി പരിഗണിക്കുന്നതിന് രണ്ട് വര്‍ഷം വരെ സമയം എടുത്തേക്കാം. അപ്പീലുകള്‍ മുന്‍ഗണനാക്രമം മറികടന്ന് നേരത്തെ പരിഗണിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ തന്നെ വിധി നേരത്തെയുണ്ട്. അഭയ കേസിലെ പ്രതികള്‍ക്ക് ഈ വിധി തിരിച്ചടിയായേക്കും. ഹൈക്കോടതി ശിക്ഷ മരവിപ്പിക്കാന്‍ വിസമ്മതിച്ചാല്‍ പ്രതികള്‍ക്ക് പിന്നെ ആശ്രയം പരമോന്നത നീതിപീഠമായ സുപ്രീംകോടതിയാണ്.
എന്നാല്‍, ഇത്തരം അവസരങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കാനാവും സുപ്രീംകോടതി നിര്‍ദ്ദേശിക്കുക. ചിലപ്പോള്‍ അപ്പീല്‍ കേള്‍ക്കുന്നതിനും തീര്‍പ്പാക്കുന്നതിനും ഒരു സമയക്രമം നിശ്ചയിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിക്കാറുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഹൈക്കോടതി അപ്പീല്‍ നേരത്തെ പരിഗണിക്കും. എന്നാല്‍ ശിക്ഷ മരവിപ്പിക്കണമെന്നില്ല. കൊലപാതക കേസുകളില്‍ അപ്പീല്‍ കേള്‍ക്കുന്നതിനുള്ള സമയം ആറ് മാസമായി കുറഞ്ഞിരുന്നു. എന്നാല്‍ കേസുകളുടെ കുന്നുകൂടിയതോടെ ഇത് രണ്ട് വര്‍ഷം വരെ നീളുന്ന സ്ഥിതിയുമുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ അപ്പീല്‍ കേട്ടില്ലെങ്കില്‍ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കണമെന്നും സുപ്രീംകോടതിയുടെ വിധിയുണ്ട്.