ഷിരൂര്‍:അര്‍ജുന്‍ ഓടിച്ച ലോറിയിലെ നാല് കഷ്ണം തടി കണ്ടെത്തിയെന്ന് വാഹന ഉടമ മനാഫ് . പുഴയിലൂടെ തടി ഒഴുകി പോയിട്ടുണ്ടാവാം എന്നും നാട്ടുകാര്‍ കൂട്ടിയിട്ട തടി കണ്ടുവെന്നും മനാഫ് പറയുന്നു.
‘12 കിലോമീറ്റര്‍ അകലെ നിന്നാണ് തടി കണ്ടെത്തിയത്. ഒരു വീടിന് മുന്നില്‍ കൂട്ടിയിട്ട നിലയിലാണ് തടി, നാല് കഷണം തടി അര്‍ജുന്‍ ഓടിച്ച ലോറിയിലെയാണ്. അനിയനെത്തി പരിശോധിച്ചു ’മനാഫ് പറയുന്നു.
അതേ സമയം ഷിരൂര്‍ മണ്ണിടിച്ചില്‍പ്പെട്ടുപോയ അര്‍ജുനെത്തേടിയുള്ള തിരച്ചിലിനായി ഗംഗാവലി പുഴയില്‍ ഇറങ്ങാനാകാത്ത സാഹചര്യമെന്ന് മുങ്ങല്‍ വിദഗ്ധര്‍. കുറച്ചു സമയത്തിനുശേഷം വീണ്ടും പരിശ്രമിക്കാമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. തീരുമാനം നേവിയുടെ മൂന്ന് ബോട്ടുകള്‍ പുഴയുടെ അടിയൊഴുക്ക് പരിശോധിച്ചശേഷം. തിരച്ചിലിനായി രണ്ടാമത്തെ ബൂം എക്സ്കവേറ്റര്‍ സ്ഥലത്തെത്തിച്ചു.
നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ ലോറി കരയിലേക്കെത്തിക്കാനുള്ള നിര്‍ണായക ദൗത്യമാണ് നടന്നുകൊണ്ടിരിക്കുന്നത്. ദൗത്യത്തിന്റെ ആദ്യഘട്ടമായി മുങ്ങല്‍ വിദഗ്ധര്‍ മൂന്നുബോട്ടുകളിലായി ലോറിയുണ്ടെന്ന് അനുമാനിക്കുന്ന ഭാഗത്ത് പരിശോധന നടത്തിയിരുന്നു. ഒഴുക്കും പുഴക്ക് അടിയിലുള്ള കാഴ്ചയുമാണ് പരിശോധിച്ചത്. കലങ്ങിമറിഞ്ഞ വെള്ളവും ശക്തമായ അടിയൊഴുക്കും കാരണം ഇപ്പോഴും ലോറിയുണ്ടെന്ന് കരുതുന്ന അടിത്തട്ടിലേക്ക് ഇറങ്ങുന്നതിന് വെല്ലുവിളിയായി തുടരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തിനിടയില്‍ ലോറിയുണ്ടെന്നാണ് ബുധനാഴ്ച കണ്ടെത്തിയത്. 15 മീറ്റര്‍ താഴ്ചയില്‍ കിടക്കുന്ന ട്രക്കിനടുത്ത് പരിശോധന നടത്താൻ നാവികസേനയുടെ സ്‌കൂബാ ടീം ബുധനാഴ്ച എത്തിയെങ്കിലും ശക്തമായ കാറ്റും മഴയും അടിയൊഴുക്കും കാരണം പുഴയിലിറങ്ങാന്‍ കഴിയാതെ മടങ്ങിയിരുന്നു. അത്യാധുനിക സംവിധാനങ്ങളുടെ പിന്തുണയോടെ മുങ്ങല്‍ വിദഗ്ധരെ ലോറിക്കടുത്തേക്ക് എത്തിക്കുന്നതിനാണ് ഇപ്പോള്‍ നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്.
‘നാവികസേന ലോറിയുണ്ടെന്ന് അനുമാനത്തിലെത്തിയ പ്രദേശത്ത് ഓപ്പറേഷന്‍ നടത്തണമെങ്കില്‍ കൃത്യമായ ഒരുരൂപരേഖ വേണം. കൂടാതെ ഇറങ്ങുന്നവര്‍ക്ക് നല്ല ആത്മവിശ്വാസവും ഉണ്ടാകേണ്ടതുണ്ട്. കാരണം വെള്ളത്തിന്റെ അടിയൊഴുക്ക് ശക്തമാണ്. നിലവിലെ ഒഴുക്കനുസരിച്ച് ജീവന്‍തന്നെ അപകടത്തില്‍പ്പെടുന്ന ഒരു സാഹചര്യമുണ്ട്. ട്രക്കിന്റെ കൃത്യസ്ഥാനം ഉറപ്പിച്ചിട്ടുവേണം ഇറങ്ങാന്‍. ഏത് ഭാഗത്താണ് ഇതിന്റെ ക്യാബിന്‍ കിടക്കുന്നതെന്നതടക്കം മനസ്സിലാക്കിയാലേ മുങ്ങുന്നവര്‍ക്ക് കൂടുതല്‍ എളുപ്പമാകൂ. അതിനുള്ള സങ്കേതിക സംവിധാനമാണ് ഞങ്ങള്‍ ഒരുക്കുന്നത്’, റിട്ട. മേജര്‍ ജനറല്‍ എം.ഇന്ദ്രബാലന്‍ പറഞ്ഞു.