KeralaNews

മുല്ലപ്പെരിയാർ അണക്കെട്ടിൽ നാല് ഷട്ടറുകൾ കൂടി തുറന്നു, സെക്കന്റിൽ 7300 ഘനയടി വെള്ളം പുറത്തേക്കൊഴുക്കുന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar Dam) നാല് ഷട്ടറുകൾ കൂടി തുറന്നുഒരു സെക്കന്റിൽ 7300 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. ഒമ്പത് ഷട്ടറുകളാണ് നിലവിൽ തുറന്നിരിക്കുന്നത്. കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം.

വൈകുന്നേരം അഞ്ച് മണി മുതലാണ് തമിഴ്നാട് (Tamilnadu) മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു തുടങ്ങിയത്. അഞ്ച് ഷട്ടറുകൾ 90 സെന്റിമീറ്റർ‌ വീതവും നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതവുമാണ് തുറന്നിരിക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ തേക്കടി വനത്തിലും തമിഴ്നാട് അതിർത്തി മേഖലയിലും ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി വർധിച്ചു. തുടർന്നാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനമായത്. നിലവിൽ 141.95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് നടത്തിവന്ന 24 മണിക്കൂർ ഉപവാസം അവസാനിച്ചു. മുല്ലപ്പെരിയാർ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ യുഡിഎഫ് സമരം തുടരുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഡീൻ കുര്യാക്കോസിന്‍റെ ഉപവാസം. ചെറുതോണിയിലാണ് 24 മണിക്കൂർ ഉപവസിച്ചത്. കേരളത്തിലെ ഭരണകൂടത്തിനുണ്ടായ തകർച്ചയാണ് മുല്ലപ്പെരിയാർ പ്രശ്നത്തിൽ കാര്യമായി ഇടപെടാൻ കഴിയാത്തതിന് കാരണമെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.

കേരളത്തിന്‍റെ ആവശ്യം അവഗണിച്ച് ഇന്നലെയും രാത്രിയില്‍ തമിഴ്നാട് സ്പിൽവേ വഴി പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. മഴ കുറവായിരുന്നതിനാൽ നാല് ഷട്ടറുകൾ മാത്രമാണ് ഉയർത്തിയത്. പുലർച്ചെ രണ്ടു മണിയോടെ ഒരെണ്ണം ഒഴികെ എല്ലാം അടച്ചു. ജലനിരപ്പ് കൂടുതൽ സമയം 142 അടിയിൽ നിലനിർത്താൻ, തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെളളത്തിന്‍റെ അളവും കൂട്ടിയും കുറച്ചും പരീക്ഷണം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button