തിരുവനന്തപുരം: എൽദോസ് പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസില്‍ നാല് പേരെ കൂടി പൊലീസ് പ്രതി ചേര്‍ത്തു. മൂന്ന് അഭിഭാഷകരെയും ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അഡ്വ. അലക്സ്, അഡ്വ. സുധീർ , അഡ്വ. ജോസ്, ഓൺലൈൻ മാധ്യമ പ്രവർത്തകൻ രാഗം രാധാകൃഷ്ണന്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേർത്തത്.
അഭിഭാഷകരുടെ ഓഫീസിൽ വച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എൽദോസിനെതിരെ കഴിഞ്ഞ ദിവസം വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എൽദോസിനെ മാത്രം പ്രതി ചേര്‍ത്ത കേസിലാണ് നാല് പേരെ കൂടി പ്രതി ചേര്‍ത്തത്. ഈ കേസില്‍ എൽദോസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 31 ന് കോടതി വിധി പറയും.
അതേസമയം, ഇത് കള്ള കേസെന്ന് അഭിഭാഷകൻ സുധീർ ആരോപിച്ചു. ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച ശേഷമാണ് മറ്റൊരു കേസെടുത്തത്. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും അഭിഭാഷകർക്കെതിരെ പരാതിയില്ല. എൽദോസിന്‍റെ വക്കാലത്തുള്ളതിലാണ് സ്ത്രീയുമായി സംസാരിച്ചതെന്നും അഡ്വ. സുധീർ പറയുന്നു. കേസിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ട് അഭിഭാഷകന്‍റെ ഓഫീസിൽ വച്ച് രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചുവെന്നും മർദ്ദിച്ചുവെന്നുമാണ് പരാതിക്കാരിയുടെ മൊഴി.
കേസ് പിൻവലിക്കാൻ ഇപ്പോഴും ഭീഷണി തുടരുകയാണെന്ന് പരാതിക്കാരി ആരോപിക്കുന്നു. കോൺഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശം അയച്ചെന്നും യുവതിയുടെ ആരോപിച്ചിരുന്നു. എംഎൽഎ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു. ഹാജരാക്കുന്നത് വ്യാജ തെളിവുകളാണ്. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. യുവതിയുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.