നാല് മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി; പിന്നാലെ കൈ ഞരമ്പ് മുറിച്ച യുവതി വീട്ടുമുറ്റത്തെ മരത്തിൽ തൂങ്ങിമരിച്ചു

കാസർകോട്: പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ കൈ ഞരമ്പുകൾ മുറിച്ച് ആത്മഹത്യ ചെയ്‌തു. തൊടുപുഴ സ്വദേശി ശരത്തിന്റെ ഭാര്യയും കാസർകോട് മുളിയാർ കോപ്പാളംകൊച്ചി സ്വദേശിനിയുമായ ബിന്ദുവാണ് (30) നാല് മാസം പ്രായമായ മകൾ ശ്രീനന്ദനയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തിൽ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈകളുടെ ഞരമ്പ് മുറിച്ച് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കുഞ്ഞിനെ അവശനിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തി. ഉടനെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭർത്താവ് ശരത്ത് സ്വിറ്റ്സർലൻഡിലാണ്. ഭർതൃവീട്ടിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് ബിന്ദു സ്വന്തം വീട്ടിലേക്ക് വന്നത്. ആറ് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.

മൃതദേഹങ്ങൾ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശരത് – ബിന്ദു ദമ്പതികളുടെ മറ്റൊരു കുട്ടിയാണ് ശ്രീഹരി. കോപ്പാളംകൊച്ചിയിലെ രാമചന്ദ്രന്റെയും ലളിതയുടെയും മകളാണ് ബിന്ദു. സഹോദരങ്ങൾ – സിന്ധു, രമ്യ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News