കൊച്ചി:ശ്രീദേവി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴിലെ നായികമാരില്‍ ഒരാളായി വന്ന തെന്നിന്ത്യന്‍ താരസുന്ദരിയായിരുന്നു വിനയ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടിയിപ്പോഴും.
തന്റെ നേട്ടങ്ങളില്‍ ഭര്‍ത്താവിന് ചെറിയ വിഷമം വന്നിരുന്നു. അധികം വൈകാതെ പുള്ളി മരിച്ചു. തന്റെ ചെറിയ പ്രായത്തില്‍ തന്നെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടുവെന്നാണ് വിനയ പറയുന്നത്. അദ്ദേഹത്തിന്റെ മരണമുണ്ടായി നാലാം ദിവസം മുതല്‍ താന്‍ അഭിനയിക്കാന്‍ പോയെന്നും ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ വിനയ വെളിപ്പെടുത്തി.
കൃഷ്ണപ്രസാദ് എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. മലയാളത്തിലെ രണ്ട് സിനിമകള്‍ എഡിറ്റ് ചെയ്തിട്ടുള്ള എഡിറ്ററായിരുന്നു പ്രസാദ്. ഒരു സിനിമാ ലൊക്കേഷനില്‍ വച്ചാണ് പ്രസാദിനെ കണ്ടത്. ആ സമയത്ത് എന്റെ വീട്ടില്‍ കല്യാണാലോചന നടക്കുകയാണ്. അദ്ദേഹത്തിനും കല്യാണാലോചന നടക്കുന്നുണ്ട്. അങ്ങനെ ഒരു പൊരുത്തം ഞങ്ങള്‍ക്കിടയില്‍ വന്നു. ഇതോടെ എന്റെ മാതാപിതാക്കളോട് ഇങ്ങനെ ഒരാളുണ്ട്, ആലോചിച്ചാലോ എന്ന് ഞാന്‍ കത്തെഴുതിയാണ് പറഞ്ഞത്.
പ്രസാദാണ് എന്റെ ജീവിതപങ്കാളി എന്ന് തീരുമാനിച്ചു. രണ്ട് വീട്ടുകാരോടും സംസാരിച്ചു. അവര്‍ക്ക് പ്രശ്‌നമില്ലായിരുന്നു. ആരുടെയെങ്കിലും വീട്ടില്‍ പാചകം ചെയ്യുന്നതിന് വേണ്ടി എന്നെ കല്യാണം കഴിപ്പിക്കരുതെന്ന് അച്ഛനമ്മമാരോട് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. എന്റെ കഴിവുമായി മുന്നോട്ട് പോവണമെന്ന് പറഞ്ഞു. അതല്ലെങ്കില്‍ എനിക്ക് കല്യാണമേ വേണ്ട എന്ന തീരുമാനത്തിലായിരുന്നു.
അന്നത്തെ കാലത്ത് കല്യാണം കഴിഞ്ഞതിന് ശേഷം കലാപരമായ ജോലിയിലേക്ക് ആരും പോവില്ല. സംഗീതം കുഴപ്പമില്ല, നാടകത്തിനോട് എതിര്‍പ്പായിരുന്നു. കാരണം വേറൊരുത്തന്റെ ഭാര്യയായി അഭിനയിക്കണമല്ലോ,പക്ഷേ പ്രസാദിന് അതൊന്നും കുഴപ്പമില്ലായിരുന്നു. അങ്ങനെ കല്യാണം കഴിച്ചു. ഏഴ് വര്‍ഷം ആ ദാമ്പത്യം മുന്നോട്ട് പോയി.
കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം സംവിധായകന്‍ വീട്ടില്‍ തേടി വന്ന് ഈ നായിക വേഷം നീ ചെയ്യണമെന്ന് പറഞ്ഞാല്‍ ആരാണ് ചെയ്യാതിരിക്കുക. അതൊക്കെ ഒരു ഭാഗ്യമായി പ്രസാദും കരുതി. എന്നോട് ചെയ്യണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവാണ്. മണിച്ചിത്രത്താഴ് ചെയ്യുമ്പോഴും അദ്ദേഹം കൂടെയുണ്ട്. പിന്നെ എനിക്ക് അവാര്‍ഡൊക്കെ കിട്ടി തുടങ്ങി. ഇതിന്റെ സന്തോഷം പ്രസാദില്‍ ഉണ്ടായിരുന്നു.
അത് വരെ എവിടെ പോയാലും സ്വര്‍ണ കമലം നേടിയെ പ്രസാദാണ്, സംവിധായകനാണ് എന്നൊക്കെ അറിയപ്പെട്ടിരുന്ന ആള്‍ നടി വിനയ പ്രസാദിന്റ ഭര്‍ത്താവ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
ഒന്ന് രണ്ട് പ്രാവിശ്യം അദ്ദേഹമത് കുടുംബത്തില്‍ തുറന്ന് പറഞ്ഞു. അതൊരു പ്രശ്‌നമായി മാറി. അദ്ദേഹം മരിക്കുമ്പോള്‍ മുപ്പത്തിയഞ്ച് വയസേയുള്ളു. എനിക്ക് ഇരുപത്തിയെട്ടും കൊച്ചിന് ഒരു അഞ്ച് വയസേ ഉണ്ടാവൂ. ജീവിതത്തില്‍ കിട്ടിയ വലിയൊരു അടിയായി അത് മാറി.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് മരിച്ചതെന്ന് വിനയ പറയുന്നു. ഭര്‍ത്താവ് മരിച്ചിട്ട് നാലാം ദിവസം മുതല്‍ ഷൂട്ടിങ്ങിന് പോയി തുടങ്ങി. ഒപ്പം മകളെയും അമ്മയെയും കൂട്ടിയാണ് പോയത്. വീട്ടില്‍ വെറുതേ ദുഃഖിച്ചിരുന്നാല്‍ അയാള്‍ തിരിച്ച് വരില്ല.
ഭര്‍ത്താവ് മരിച്ച ഉടനെ അവള്‍ അഭിനയിക്കാനിറങ്ങി, തന്റേടിയാണെന്ന് പലരും പറഞ്ഞു. സ്ത്രീകളാണ് ഇതൊരു ആഘോഷമാക്കിയതെന്ന് വിനയ പറയുന്നു. പക്ഷേ എന്റെ ജീവിതം എവിടെയും നിര്‍ത്തിയില്ല, അവിടുന്ന് വീണ്ടും തുടങ്ങുകയാണ് ചെയ്തതെന്ന് വിനയ പറയുന്നു.