ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി കരുതുന്ന സൈനികന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി. സൈനികന്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നു മൂന്ന് കിലോ മീറ്റര്‍ ദൂരത്ത് നിന്നാണ് വസ്ത്രം ലഭിച്ചത്. മൂന്ന് സ്ഥലങ്ങളില്‍ നിന്നായി ലഭിച്ച വസ്ത്രത്തിന്റെ കഷ്ണങ്ങള്‍ പ്രാദേശികവാസികളാണ് സുരക്ഷാജീവനക്കാരെ ഏല്‍പ്പിച്ചത്.
ഈ മാസം രണ്ട് മുതലാണ് ഷാക്കിര്‍ മന്‍സൂര്‍ എന്ന സൈനികനെ ഷോപ്പിയാനിലെ റെഷിപോരയില്‍നിന്നു കാണാതാവുന്നത്. 162ാം ബറ്റാലിയന്‍ ഫോഴ്സിലെ സൈനികനാണ് ഷാക്കിര്‍. ഷോപ്പിയാനില്‍ അദ്ദേഹത്തെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ കണ്ടെത്തുന്നതിനായുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് തിരച്ചിലെന്നും സുരക്ഷാ സേന അറിയിച്ചു. സൈനികരും പോലീസും സംയുക്തമായി ചേര്‍ന്നാണ് തിരച്ചില്‍ ആരംഭിച്ചത്. ഷാക്കിറിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയതായി സംശയിക്കുന്നതായും സൈന്യം പറഞ്ഞു.
ഇദ്ദേഹത്തിന്റെ കാര്‍ കത്തിനശിപ്പിച്ച നിലയില്‍ കുല്‍ഗാമില്‍നിന്നു കണ്ടെത്തിയിരുന്നു. മൂന്ന് സ്ഥലങ്ങളില്‍നിന്നു ലഭിച്ച വസ്ത്രങ്ങള്‍ ഷാക്കിറിന്റേത് തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചു. അതേസമയം, ഷാക്കിറിനെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന സന്ദേശം തീവ്രവാദികള്‍ പുറത്തുവിട്ടിട്ടുണ്ടെന്നാണ് വിവരം. ഷാക്കിറിന്റെ തിരോധാനത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.