വാഷിംഗ്ടണ്‍: 2020 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 2020 ലെ തിരഞ്ഞെടുപ്പ് തോല്‍വി മറികടക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം കുറ്റക്കാരനല്ല എന്ന നിലപാട് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. കേസില്‍ വിചാരണ തുടങ്ങുന്നത് വരെയാണ് ട്രംപിനെ വിട്ടയച്ചത്.
യുഎസിനെ കബളിപ്പിക്കുക, പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കുക, ഔദ്യോഗിക നടപടികള്‍ തടസപ്പെടുത്തുക തുടങ്ങിയ നാല് കുറ്റങ്ങളാണ് 77 കാരനായ ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും ഗുരുതരമായ കുറ്റത്തിന് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. യാത്രാ നിയന്ത്രണങ്ങളില്ലാതെയാണ് ട്രംപിനെ വിട്ടയച്ചത്. അതേസമയം തന്റെ അഭിഭാഷകര്‍ക്കൊപ്പമല്ലാതെ ഒരു സാക്ഷിയുമായും കേസ് ചര്‍ച്ച ചെയ്യരുതെന്ന വ്യവസ്ഥയും കോടതി നല്‍കിയിട്ടുണ്ട്.
2020 ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോടുള്ള തോല്‍വി ഒഴിവാക്കുന്നതിന് വേണ്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന് ട്രംപിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കുന്നതിനായി ട്രംപ് സമ്മര്‍ദം ചെലുത്തിയതായി ചില ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ നാല് മാസത്തിനിടയില്‍ ട്രംപിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. രാഷ്ട്രീയ എതിരാളിയുടെ പീഡനമാണിത് എന്നും അമേരിക്കയുടെ ഏറ്റവും ദു:ഖകരമായ ദിവസങ്ങളിലൊന്നാണിതെന്നും ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. അതേസമയം 2024 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ട്രംപിന്റെ നീക്കങ്ങള്‍ക്ക് കേസ് നടപടികള്‍ തിരിച്ചടിയായേക്കും എന്നാണ് വിലയിരുത്തല്‍.
ട്രംപിനൊപ്പം നിയമവകുപ്പിലെ മുന്‍ ഉദ്യോഗസ്ഥരായ റൂഡി ഗ്യുലിയാനി, ജോണ്‍ ഈസ്റ്റ്മാന്‍, സിഡ്‌നി പവ്വല്‍, കെന്‍ ചെസെബ്രോ, ജഫ് ക്ലര്‍ക്ക് എന്നിവരും ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത സംബന്ധിച്ച് വ്യക്തതയില്ല. തോറ്റെങ്കിലും, കുറ്റാരോപിതന്‍ അധികാരത്തില്‍ തുടരാന്‍ തീരുമാനിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
ഫല നിര്‍ണ്ണയത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും താനാണ് വിജയിച്ചത് എന്നും അവകാശപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ട്രംപ് ശ്രമിച്ചു എന്നും കുറ്റപത്രത്തിലുണ്ട്. ബോധപൂര്‍വ്വം തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് അത് നിയമാനുസൃതമാണെന്ന് വരുത്താനും അവിശ്വാസത്തിന്റെയും പ്രകോപനത്തിന്റേയും അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു തുടങ്ങിയ ഗുരുതര പരാമര്‍ശങ്ങള്‍ കുറ്റപത്രത്തില്‍ ട്രംപിനെതിരെയുണ്ട്.