കാസർകോട്: മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും നിലവിലെ സിപിഎം നേതാവുമായ പി.എം.ആർഷോയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വരും തിങ്കളാഴ്ചയാണ് ഇവരുടെ പ്രത്യേക വിവാഹ നിയമപ്രകാരമുള്ള രജിസ്റ്റർ വിവാഹം നടക്കുക. വിദ്യ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ പി.എം.ആർഷോ നിലവിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയാണ്. ഏറെ നാളത്തെ പ്രണയത്തിനും സജീവ രാഷ്ട്രീയ സൗഹൃദത്തിനും ഒടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.
എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ അധ്യാപന പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് (എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്) ചമച്ചതുമായി ബന്ധപ്പെട്ട വിവാദ കേസിൽ പൂർവവിദ്യാർത്ഥിനിയായ കെ.വിദ്യയ്ക്കെതിരെ 2023ൽ കേരള പോലീസ് വലിയ രീതിയിൽ കേസെടുത്തിരുന്നു. കാസർകോട് കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് അധികൃതർ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് നീലേശ്വരം പോലീസ് അന്ന് വിദ്യയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതും തുടർന്ന് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയതും. കെ.വിദ്യ അഥിതി അധ്യാപികയായി ജോലി നേടാൻ ഈ വ്യാജ രേഖ ഉപയോഗിച്ചു എന്നതായിരുന്നു അന്നത്തെ പ്രധാന കണ്ടെത്തൽ.
കേരളത്തിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ കൊടുങ്കാറ്റും മാധ്യമ ചർച്ചകളും ഉയർത്തിവിട്ട ഒരു വിവാദമായിരുന്നു ഇത്. ഈ വിവാദ കാലയളവിൽ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു പി.എം.ആർഷോ. വിദ്യയ്ക്കെതിരെയുള്ള കേസും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളും എസ്എഫ്ഐ എന്ന സംഘടനയെയും ആർഷോയുടെ നേതൃത്വത്തെയും അന്ന് കടുത്ത പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ കനത്ത രാഷ്ട്രീയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിലാണ് ഇപ്പോൾ ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പ്രമുഖ രാഷ്ട്രീയ നേതാക്കളും തിങ്കളാഴ്ച നടക്കുന്ന രജിസ്റ്റർ വിവാഹ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരങ്ങൾ.
English Summary
Former SFI leader K. Vidya and former SFI State Secretary P.M. Arsho are getting married. The registered marriage will take place on Monday at the Trikaripur Registrar Office. Vidya is a native of Kasaragod, while Arsho, who hails from Kanjirapuzha in Palakkad, is currently a member of the CPI(M) Palakkad District Committee. Vidya was mired in a major controversy in 2023 after the police registered a case against her for allegedly forging a fake experience certificate from Ernakulam Maharajas College to secure a guest lecturer post at Karinthalam Government College.


