മുൻ നക്‌സലൈറ്റ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

കോട്ടയം: മുൻ നക്‌സലൈറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ (82 ) അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ഏറെനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. സംസ്‌കാരം നാളെ വീട്ടുവളപ്പിൽ നടത്തും. കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായാണ് ജനനം. പിന്നീട് ഇടുക്കിയിലെ വെള്ളത്തൂവലിലേക്ക് കുടിയേറി.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴിയേ പാർട്ടിയിലേക്ക്. ശേഷം പാർട്ടി പിളർന്നപ്പോൾ സിപിഐ യിൽ നിന്നു. തുടർന്ന് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറി.  19-ാം വയസ്സിൽ തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെയാണ് അദ്ദേഹം സായുധ വിപ്ലവ പ്രസ്ഥാനത്തിൽ സജീവമായത്.

തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്ന് ഒളിവിൽപോയി. കേരളത്തിലുടനീളം നക്‌സലൈറ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1971-ൽ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളിൽ പ്രതിചേർക്കപ്പെട്ടിരുന്നു. ജയിലിൽവച്ചുതന്നെ ചാരുമജുംദാറിന്റെ ഉന്മൂലനമാർഗ്ഗത്തെ ഉപേക്ഷിച്ചു. സായുധ പോരാട്ടം ഉപേക്ഷിച്ച അദ്ദേഹം പിന്നീട് ഇടുക്കി ജില്ലയിലെ ചേലച്ചുവട്ടിൽ ഒരു തയ്യൽ കട നടത്തിയാണ് ജീവിതം നയിച്ചത്. കുറച്ചുകാലം സുവിശേഷ പ്രവർത്തനങ്ങളിലും അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ചരിത്രശാസ്ത്രവും മാർക്‌സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നിവയാണ് പ്രധാനപ്പെട്ട പുസ്തകങ്ങൾ. ‘വെള്ളത്തൂവൽ സ്റ്റീഫന്റെ ആത്മകഥ’ എന്ന പേരിൽ തന്റെ ജീവിതാനുഭവങ്ങൾ അദ്ദേഹം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നക്‌സൽ പ്രസ്ഥാനത്തിലെ തന്റെ അനുഭവങ്ങളും ജയിൽ ജീവിതവും പിന്നീട് ഉണ്ടായ മാറ്റങ്ങളും ഇതിൽ വിവരിക്കുന്നു.

1968-ൽ നടന്ന തലശ്ശേരി, പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണങ്ങളിലൂടെയാണ് കേരളത്തിൽ നക്സലൈറ്റ് പ്രസ്ഥാനം ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ തലശ്ശേരി ആക്രമണത്തിൽ പങ്കെടുക്കുമ്പോൾ സ്റ്റീഫന് വെറും 19 വയസ്സായിരുന്നു. കുന്നിക്കൽ നാരായണന്റെ നേതൃത്വത്തിൽ നടന്ന ഈ നീക്കത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞവരിലൊരാളായിരുന്നു അദ്ദേഹം.

ആക്രമണത്തിന് ശേഷം ദീർഘകാലം അദ്ദേഹം വനമേഖലകളിലും മറ്റും ഒളിവിൽ കഴിഞ്ഞു. പിന്നീട് പിടിക്കപ്പെടുകയും ക്രൂരമായ പോലീസ് മർദ്ദനങ്ങൾക്ക് ഇരയാവുകയും ചെയ്തു. ഏതാണ്ട് ഒൻപത് വർഷത്തോളം അദ്ദേഹം ജയിൽവാസം അനുഭവിച്ചു.

നക്സലൈറ്റ് നേതാവ് എ. വർഗീസിനെ പോലീസ് വെടിവെച്ചുകൊന്നതാണെന്ന സത്യം വർഷങ്ങൾക്ക് ശേഷം പുറത്തുവന്നപ്പോൾ, ആ പോരാട്ട ചരിത്രത്തിലെ സാക്ഷിയായി സ്റ്റീഫനും ഉണ്ടായിരുന്നു. വിപ്ലവകാരികൾക്കിടയിലെ ഭിന്നതകളെക്കുറിച്ചും പോലീസിന്റെ ഇടപെടലുകളെക്കുറിച്ചും അദ്ദേഹം പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്.

Vellathooval Stephen, a prominent figure in Kerala’s Naxalite movement, passed away at the age of 82 in Vadaatuppara, Kothamangalam. He had been bedridden for a long period due to age-related ailments. His funeral is scheduled to be held tomorrow on his residential premises.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News