കൊല്ലം:മുന്‍ മന്ത്രി ഷിബു ബേബിജോണിന്‍റെ കുടുംബ വീട്ടില്‍ മോഷണം നടത്തിയയാൾ പിടിയിൽ.
പാലക്കാട് ജില്ലാ ജയിലിൽനിന്നു മോഷണക്കുറ്റത്തിനു ശിക്ഷ അനുഭവിച്ച് ഈയിടെ പുറത്തിറങ്ങിയ തമിഴ്നാട് കന്യാകുമാരി ജില്ലയിൽ മണികെട്ടാൻ പൊട്ടൻ വണ്ണൻവിള്ളൈ വില്ലേജിൽ രമേശ് (രാസാത്തി രമേശ്– 48) ആണ് അറസ്റ്റിലായത്.
മോഷ്ടിച്ച സ്വർണം നാഗർകോവിലിലെ സ്വർണക്കടയിൽ വിൽക്കാൻ എത്തിയപ്പോൾ കടയുടമയ്ക്കു സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു.ഇയാളിൽനിന്നു മോഷണമുതലായ 53 പവൻ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.
മുൻമന്ത്രിയും ആർഎസ്പി നേതാവുമായിരുന്ന പരേതനായ ബേബിജോണിന്റെ വീട്ടിലായിരുന്നു മോഷണം.സംഭവം നടന്നയുടൻ അതിർത്തി ജില്ലകളിലെ സ്റ്റേഷനുകളിൽ കേരള പൊലീസ് വിവരം അറിയിച്ചിരുന്നു.
നാഗർകോവിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത ശേഷം കൊല്ലം സിറ്റി പൊലീസിനെ അറിയിച്ചു.
മോഷണത്തിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു വലയിലാക്കുകയായിരുന്നു.
കഴിഞ്ഞ 30ന് പാലക്കാട് ജില്ലാ ജയിലിൽനിന്നും മോചിതനായ ഇയാൾ ട്രെയിനിൽ കൊല്ലത്ത് എത്തി റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലുമായി കറങ്ങി നടക്കുകയായിരുന്നു.രാത്രിയിൽ പരിസരങ്ങളിലെ വീടുകളിൽ നിരീക്ഷണം നടത്തി.
കൊല്ലം ഈസ്റ്റ് വില്ലേജിൽ കന്റോൺമെന്റ് നോർത്ത് വാർഡിൽ കാടൻമുക്ക് എന്ന സ്ഥലത്ത് ഉപാസന നഗർ 105 വയലിൽ വീട്ടിൽ രാത്രിയിൽ ആളില്ലെന്നു മനസ്സിലാക്കി.
അങ്ങനെയാണ് ഇയാൾ മോഷണത്തിന് ഈ വീട് തിരഞ്ഞെടുത്തത്.രാത്രിയിൽ കമ്പിപ്പാര കൊണ്ട് വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകടന്ന് കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ മോഷ്ടിച്ചു.
ബേബിജോണിന്റെയും ഷിബുവിന്റെ കടപ്പാക്കട ഉപാസന നഗറിലെയും വീടുകളിൽ നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതിനാൽ സമീപത്തെ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയായിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ തമിഴ്നാട് പൊലീസിനു കൈമാറി.
ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍റെ നേതൃത്വത്തില്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണര്‍ ജി.ഡി.വിജയകുമാര്‍, കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആർ.രതീഷ്, എസ്ഐമാരായ ബാലചന്ദ്രന്‍, രാജ്മോഹന്‍, എസ്‍സിപിഒ സുനില്‍, സിപിഒമാരായ രഞ്ജിത്, സനോജ്, ബിനു, ജലജ എന്നിവരുള്‍പ്പെട്ട പ്രത്യേത സംഘമാണ് ഇയാളെ പിടികൂടിയത്.ഇയാളെ കേരളത്തില്‍ എത്തിച്ച് മോഷണമുതല്‍ ഉള്‍പ്പെടെ കോടതിയില്‍ ഹാജരാക്കും.