CrimeKeralaNews

കോടികളുടെ തട്ടിപ്പ് നടത്തി കുടുംബത്തോടൊപ്പം മുങ്ങിയ പാലായിലെ മുന്‍ എല്‍ഐസി ഏജന്റ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

കോട്ടയം: കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ ആള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസിന്റെ പിടിയില്‍. അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ എല്‍ഐസി ഏജന്റ് ആയിരുന്ന പാലാ സ്വദേശി പികെ മോഹന്‍ദാസാണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് പാലാ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എല്‍ഐസി ഏജന്റ് ആയിരുന്ന മോഹന്‍ദാസ് പലരില്‍ നിന്നായി ശേഖരിച്ച പോളിസി തുക കൃത്യമായി അടയ്ക്കാതെ സ്വന്തം പേരില്‍ ചിട്ടി കമ്പനിയില്‍ നിക്ഷേപിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. വീടും സ്ഥലവും വില്‍പ്പനയ്ക്ക് വെച്ചും മോഹന്‍ദാസ് നിരവധി പേരില്‍ നിന്ന് പണം തട്ടിഎടുത്തിരുന്നു. 2008 ഇയാള്‍ പിടിക്കപ്പെട്ടെങ്കിലും ജാമ്യത്തിലിറങ്ങി കുടുംബത്തോടൊപ്പം നാടുവിടുകയായിരുന്നു. മോഹന്‍ദാസ് കഴിഞ്ഞ 14 വര്‍ഷങ്ങളായി പഞ്ചാബ്, ഡല്‍ഹി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കേരളത്തില്‍ നിന്ന് പഞ്ചാബിലേക്ക് നാടുവിട്ട ഇയാള്‍ അവിടെ അധ്യാപകനായും ക്ഷേത്രത്തില്‍ കഴകക്കാരനായും ജോലി ചെയ്തുവരികയായിരുന്നു. പഞ്ചാബിലെ വിലാസത്തില്‍ ആധാര്‍ കാര്‍ഡും സ്വന്തമാക്കിയിരുന്നു. 2013ല്‍ ഈ വിവരം ലഭ്യമായ പോലീസ് പഞ്ചാബില്‍ അന്വേഷിച്ചെത്തിയതോടെ അവിടെ നിന്ന് സ്ഥലം വിട്ടു.

തുടര്‍ന്ന് ഡല്‍ഹിയിലെ രോഹിണിയില്‍ ഒരു ക്ഷേത്രത്തില്‍ അക്കൗണ്ടന്റായി ജോലിക്ക് കയറി. ഇതിനിടെ മോഹന്‍ദാസിന്റെ ഭാര്യയും മക്കളും വിദ്യാഭ്യാസ ആവശ്യത്തിന് പൊള്ളാച്ചിയിലുണ്ടെന്ന് മനസിലാക്കിയ പോലീസ് ഫോണ്‍ കോളുകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button