ഷിംല: ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് (87) അന്തരിച്ചു. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നു അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
ഏപ്രില്‍ 23 മുതല്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് തവണ സിംഗിന് കോവിഡ് പിടിപെട്ടു. ഏപ്രില്‍ 13നാണ് അദ്ദേഹത്തിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മൊഹാലിയിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. ഏപ്രില്‍ 23ന് ഷിംലയിലേക്ക് പോന്നു. ശ്വാസതടസം നേരിട്ടതോടെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജൂണ്‍ 11ന് വീണ്ടും കൊവിഡ് ബാധിച്ചെങ്കിലും താമസിയാതെ നെഗറ്റീവായിരുന്നു.
ഒന്‍പത് തവണ എംഎല്‍എ ആയ വീരഭദ്ര സിംഗ് ആറ് തവണ ഹിമാചല്‍ മുഖ്യമന്ത്രിയായി. അഞ്ച് തവണ എംപിയുമായി. നിലവില്‍ അര്‍കി നിയോജകമണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ അംഗമാണ്. 1983ലാണ് വീരഭദ്ര ആദ്യമായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായത്. 2009 മുതല്‍ 2011 വരെ സ്റ്റീല്‍ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്.