നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് കയറി അപകടം; മുന്‍ മന്ത്രി വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ബൈക്കിനും കേടുപാടുകള്‍

കൊല്ലം: മുന്‍ മന്ത്രി വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം കൊല്ലം ചിതറയില്‍ വച്ച് അപകടത്തില്‍പ്പെട്ടു. കൊല്ലം ചിതറ ചല്ലിമുക്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കനത്ത മഴയെത്തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു മുന്‍ മന്ത്രിയും കുടുംബവും. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് ആര്‍ക്കും തന്നെ ഗുരുതരമായ പരിക്കുകളില്ല.

അപകടത്തിന്റെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് റോഡരികിലുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് പാടെ മറിഞ്ഞുവീണു. നിയന്ത്രണം വിട്ട കാര്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്കിലും ഇടിച്ചുകയറിയാണ് നിന്നത്. ഇതേതുടര്‍ന്ന് ബൈക്കിനും വലിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കി. പരിക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ മുന്‍ മന്ത്രി വീണ ജോര്‍ജും കുടുംബവും അപകടസ്ഥലത്തു നിന്നും മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News