മുംബൈ: സുരക്ഷയ്ക്ക് മേല്‍ ലാഭമുണ്ടാക്കുകയാണ് ഫേസ്ബുക്ക് ചെയ്യുന്നതെന്ന് മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. രണ്ട് വര്‍ഷക്കാലം ഫേസ്ബുക്കിന്റെ സിവിക് ഇന്‍ഫര്‍മേഷന്‍ ടീമില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സിസ് ഹൗഗനാണ് ഫേസ്ബുക്കിനെതിരെയുള്ള വിവരങ്ങള്‍ പുറത്തുവിട്ട് രംഗത്തെത്തിയത്.
കൗമാരക്കാരെ ഇന്‍സ്റ്റാഗ്രാം വിപരീതമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തിയെന്ന ഇന്‍സ്റ്റാഗ്രാമിലെ ഗവേഷണ വിവരങ്ങള്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയതിന് പിന്നാലെ സ്വയം വെളിപ്പെടുത്തി ഹൗഗന്‍ രംഗത്തെത്തുകയായിരുന്നു. ഞായറാഴ്ച പുറത്തുവന്ന 60 മിനുട്ട്സുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ ഫേസ്ബുക്കില്‍ താനറിഞ്ഞ പ്രശ്നങ്ങളെല്ലാം ഹൗഗന്‍ പങ്കുവെക്കുന്നു.
താന്‍ മുമ്പ് പല സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഫേസ്ബുക്കില്‍ സ്ഥിതി വളരെ ഗുരുതരമാണ്. ഹൗഗന്‍ പറയുന്നു. ഫേസ്ബുക്കിലെ വിദ്വേഷ പ്രചരണം, വിഭജനമുണ്ടാക്കും വിധമുള്ള രാഷ്ട്രീയ പ്രസ്താവനകള്‍, വ്യാജ വാര്‍ത്ത എന്നിവയുടെ ഉറവിടങ്ങള്‍ സംബന്ധിച്ച് ഫേസ്ബുക്കിന് ധാരണയുണ്ടായിരുന്നുന്നും ഫെയസ്ബുക്ക് ആപ്പുകള്‍ ലോകമെമ്പാടുമുള്ള സമൂഹങ്ങളെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും ഫേസ്ബുക്കിന് അറിയാമായിരുന്നതായും ഹൗഗന്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്കിന് അല്‍ഗൊരിതത്തില്‍ വലിയ പ്രശ്നങ്ങളുണ്ടെന്ന് ഹൗഗന്‍ ചൂണ്ടിക്കാട്ടി. അഞ്ച് മിനിറ്റ് നേരം ഫേസ്ബുക്ക് സ്ക്രോള്‍ ചെയ്യുന്ന ഒരാളെ കാണിക്കുന്ന ഉള്ളടക്കങ്ങളെല്ലാം അയാളുടെ മുന്‍കാലത്തെ ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ്. വ്യാജവാര്‍ത്തകളും, വിദ്വേഷ പ്രചാരണ സന്ദേശങ്ങളും മറ്റും ഈ രീതിയില്‍ നിരന്തരം ആളുകളിലേക്ക് എത്തുന്നു. അത് അവരില്‍ അതിവേഗം രോഷം വളര്‍ത്തുന്നു. 2020 ലെ യുഎസ് കാപിറ്റോള്‍ ആക്രമണവും ഹൗഗന്‍ ചൂണ്ടിക്കാണിക്കുന്നു.