മുളകുപൊടിയെറിഞ്ഞു, പിന്നെ തുരുതുരാ കുത്തി; അമ്മയ്ക്കും സഹോദരിക്കുമെതിരേ മൊഴിനൽകി മുൻ ഡിജിപിയുടെ മകൻ

ബെംഗളൂരു: ഞായറാഴ്ച വൈകീട്ടാണ് കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ ബെംഗളൂരുവിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യ പല്ലവിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ഇവർ ഭർത്താവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയശേഷം, സംസ്ഥാനത്തെ മറ്റൊരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീഡിയോ കോള്‍ ചെയ്ത് ‘ആ പിശാചിനെ ഞാന്‍ കൊന്നു’ എന്ന് അറിയിക്കുകയായിരുന്നു.

മകന്‍ കാര്‍ത്തിക് വിവരമറിയിച്ചതു പ്രകാരം പോലീസെത്തിയെങ്കിലും വീട് അകത്തുനിന്ന് പൂട്ടിയിട്ടിയ നിലയിലായിരുന്നു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പല്ലവി തയ്യാറായില്ല. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥനെത്തിയതോടെയാണ് വീടിനകത്ത് കയറാന്‍ സാധിച്ചത്. സംഭവത്തില്‍ മകന്‍ കാര്‍ത്തിക്കിന്റെ പരാതിയില്‍ പല്ലവിക്കും മകള്‍ കൃതിക്കുമെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓം പ്രകാശിന്‍റെ ഭാര്യ പല്ലവി കഴിഞ്ഞ 12 വര്‍ഷത്തിലധികമായി മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടുവരികയാണെന്ന് മകൻ മൊഴി നൽകിയിട്ടുണ്ട്.

അതിക്രൂരമായാണ് പല്ലവി കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇരുവരും തമ്മില്‍ സ്വത്തിനെച്ചൊല്ലി രൂക്ഷമായ തര്‍ക്കത്തിലേര്‍പ്പെട്ടു. ഓംപ്രകാശ് സഹോദരിക്ക് സ്വത്തു കൈമാറിയത് സംബന്ധിച്ചായിരുന്നു തര്‍ക്കം. കലിപൂണ്ട പല്ലവി മുളകുപൊടിയെടുത്ത് ഭര്‍ത്താവിന്റെ മുഖത്തു വിതറി. തുടർന്ന് കത്തികൊണ്ട് പലതവണ കുത്തി. നെഞ്ചിലും വയറിലും കൈക്കുമായി പത്തോളം കുത്തുകളേറ്റു. വയറില്‍ത്തന്നെ നാലോ അഞ്ചോ തവണ കുത്തേറ്റു. ഇത് കടുത്ത രക്തസ്രാവത്തിന് കാരണമായെന്നും പോലീസ് പറയുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ഭര്‍ത്താവ് കണ്‍മുന്നില്‍ പിടഞ്ഞുമരിക്കുന്നത് പത്തുമിനിറ്റോളം പല്ലവി കസേരയിലിരുന്ന് നിശ്ശബ്ദയായി നോക്കിനിന്നെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിനുശേഷം ഓം പ്രകാശിന്റെ മുഖം തുണികൊണ്ട് മൂടി. തുടര്‍ന്നാണ് ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീഡിയോ കോള്‍ ചെയ്ത് ‘ആ പിശാചിനെ ഞാന്‍ കൊന്നു’ എന്നറിയിച്ചത്. കുത്താനുപയോഗിച്ച കത്തി, പിന്നീട് ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ പോലീസ് കണ്ടെടുത്തു.

പ്രകാശ് തന്റെ സഹോദരിയുടെ പേരില്‍ ഭൂമി വാങ്ങിയിരുന്നു. ഇതാണ് പല്ലവിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സ്വത്ത് തന്റെ പേരിലേക്ക് മാറ്റിത്തരണമെന്ന് പല്ലവി ആവശ്യപ്പെട്ടെങ്കിലും പ്രകാശ് അനുസരിച്ചില്ല. ഇതേത്തുടര്‍ന്നുണ്ടായ ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുന്‍പ് ഭര്‍ത്താവിനെതിരേ പല്ലവി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അന്ന് അവർ സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സ്‌കീസോഫ്രീനിയ എന്ന മാനസിക രോഗത്തോട് പോരാടുന്ന പല്ലവി, അതിനായി മരുന്ന് കഴിക്കുന്നുണ്ടെന്നും വിവരങ്ങളുണ്ട്.

മകന്‍ കാര്‍ത്തിക്കിന്റെ പരാതിയിലാണ് പല്ലവിക്കും സഹോദരി കൃതിക്കുമെതിരേ കേസെടുത്തിരിക്കുന്നത്. കാര്‍ത്തിക് വീട്ടിലെത്തിയപ്പോള്‍ അച്ഛന്റെ മൃതദേഹമാണ് കണ്ടത്. അമ്മയെയോ സഹോദരിയെയോ നേരിട്ട് കുറ്റപ്പെടുത്താൻ കാര്‍ത്തിക് തയ്യാറായില്ലെന്നും പോലീസ് പറയുന്നു. അതേസമയം, അമ്മ അച്ഛനെ കഴിഞ്ഞ ഒരാഴ്ചയായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കാര്‍ത്തിക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതുകാരണം ഓംപ്രകാശ് സഹോദരി സരിതാ കുമാരിയുടെ വീട്ടിലേക്ക് താമസം മാറി.

കൊലപാതകത്തിന് രണ്ടുദിവസം മുന്‍പ്, കൃതി സഹോദരിയുടെ വീട്ടിലെത്തി അച്ഛനെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് തിരികെക്കൊണ്ടുവരികയായിരുന്നു. കൊല നടന്നപ്പോള്‍ താന്‍ കാര്‍ത്തിക് സ്ഥലത്തുണ്ടായിരുന്നില്ല. അയല്‍ക്കാരന്‍ വിളിച്ചാണ് തന്നെ വിവരമറിയിച്ചത്. വീട്ടിലെത്തിയപ്പോഴേക്കും പോലീസും മറ്റും അവിടെ എത്തിയിരുന്നതായും കാര്‍ത്തിക് പറഞ്ഞു.

ഭര്‍ത്താവ് തന്നെയും മകളെയും പീഡിപ്പിക്കുന്നുവെന്നും വീട്ടില്‍ തോക്കുമായി നടക്കുന്നുവെന്നും അറിയിച്ച് മൂന്നുദിവസം മുന്‍പ് ഐപിഎസ് കുടുംബ വാട്സാപ്പ് കൂട്ടായ്മയില്‍ പല്ലവി പറഞ്ഞിരുന്നു. മകന്‍ കാര്‍ത്തിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പല്ലവിക്കും മകള്‍ കൃതിക്കുമെതിരേ പോലീസ് കേസെടുക്കുകയും ഇരുവരെയും അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. ആത്മരക്ഷാര്‍ഥമാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് പല്ലവി മൊഴി നല്‍കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News