ആലപ്പുഴ: ആലപ്പുഴയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് പോലീസ് ജീപ്പില്‍ മര്‍ദ്ദനമേറ്റതായി പരാതി. സി.പി.എം നൂറനാട് പച്ചക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന റിനി തോമസ് ആണ് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. സി.പി.എം ഏരിയ യോഗങ്ങളുടെ ഭാഗമായി റിനിയുടെ കടയുടെ മുന്നില്‍ സി.പി.എം കൊടിതോരണങ്ങള്‍ വച്ചിരുന്നു. ഇത് സമ്മേളനം കഴിഞ്ഞിട്ടും എടുത്തുമാറ്റിയിരുന്നില്ല. കടയ്ക്ക് മറയായി വച്ച കൊടി തോരണങ്ങള്‍ പിന്നീട് റിനി തന്നെ എടുത്തുമാറ്റി.
ഇതിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ നൂറനാട് പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രി ഒമ്പത് മണിയോടെ റിനിയുടെ വീട്ടിലെത്തിയ നൂറനാട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലിരിക്കുന്നത് സുരക്ഷിതമല്ലെന്നും സ്റ്റേഷനിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടു. ഇതുപ്രകാരം പോലീസിനൊപ്പം പോയ റിനിയെ പോലീസ് ജീപ്പിന്റെ പിന്‍സീറ്റില്‍ കയറ്റി ഇരുത്തി.
തൊട്ടുപിന്നാലെ നാലു ഭാഗത്തുനിന്ന് ഇരച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിലെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് റിനി പറയുന്നു. വയ്യങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് റിനി പാര്‍ട്ടിവിട്ടത്. തന്നെ മര്‍ദ്ദിക്കാന്‍ പോലീസ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്തു നല്‍കുകയായിരുന്നുവെന്ന് റിനി പറയുന്നു.
റിനിയുടെ വീടിനു സമീപമുള്ള സിസിടിവിയിലും ഈ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ റിനിയെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നും പേരെടുക്കാന്‍ നടത്തുന്ന നാടകമാണെന്നുമാണ് പോലീസും സി.പി.എം പ്രവര്‍ത്തകരും പറയുന്നത്.