വഴിക്കടവ് : വേണമെങ്കിൽ പച്ചക്കറി പാലത്തിലും വിളയും. പാലത്തിന്റെ കൈവരികളിൽ നിന്നു പുഴയ്ക്ക് മീതെ വലകെട്ടി വള്ളി പടർത്തിയാണ് മത്തനും കുമ്പളവും പടവലവും പാവയ്ക്കയുമെല്ലാം വിളയിച്ചത്.
പാലത്തിനു സമീപം പുറമ്പോക്കിൽ തക്കാളി, കാബേജ്, കപ്പ, വഴുതന, വെണ്ട, മുളക്, കുറ്റിക്കുരുമുളക് തുടങ്ങിയവയും കൃഷി ചെയ്തിട്ടുണ്ട്. മുൻ കലക്ടർ എം.സി.മോഹൻദാസാണ് കാരക്കോടൻ പുഴയിലെ കെട്ടുങ്ങൽ നടപ്പാലത്തിലും സമീപവും പച്ചക്കറി കൃഷി ചെയ്യുന്നത്.
ജൈവരീതിയിലുള്ള കൃഷിക്ക് സഹായത്തിനായി അയൽവാസികളായ ഭാസ്കരനും കുഞ്ഞുട്ടനും കുഞ്ഞീൻകുട്ടിയും എത്താറുണ്ട്. നമ്മൾ മനസ്സുവച്ചാൽ കുറഞ്ഞ സ്ഥലത്ത് സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി തയാറാക്കാമെന്ന് മോഹൻദാസ് പറഞ്ഞു.
ആവശ്യക്കാർക്ക് വന്ന് പറിച്ചെടുക്കാമെന്നതാണ് ഈ കൃഷിയുടെ പ്രത്യേകത. നേരത്തേ മോഹൻദാസിന്റെ വീടിന്റെ മുൻപിൽ പാതയോരത്ത് പൂക്കൾ നട്ടുവളർത്തിയിരുന്നു.