ആന്ധ്ര മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ; അംഗത്വം സ്വീകരിച്ചു

ന്യൂഡൽഹി∙ അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് റെഡ്ഡി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ഏതാനും ആഴ്ചകള്‍ക്കു പിന്നാലെയാണ് ബിജെപിയില്‍ ചേർന്നത്. 

കോൺഗ്രസിന്റെ അംഗത്വത്തിൽ നിന്ന് രാജിവച്ച് മാർച്ച് 11ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അദ്ദേഹം കത്തുനൽകിയിരുന്നു. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിക്കാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കിരൺ കുമാർ 2014ലും കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. തുടർന്ന് ‘ജയ് സമൈക്യന്ദ്ര’ എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ച അദ്ദേഹം, 2018 ൽ കോൺഗ്രസിൽ തിരിച്ചെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News