തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് പരക്കെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെ 11 ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന തുലാവര്‍ഷക്കാലം, ചുഴലിക്കാറ്റ് സീസണ്‍ കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യൂനമര്‍ദങ്ങള്‍ക്കും ചുഴലിക്കാറ്റുകള്‍ക്കും സാധ്യതയുണ്ടെന്നാണ് നിഗമനം. ഇത്തവണ സംസ്ഥാനത്ത് തുലാവര്‍ഷം സാധാരണയില്‍ കൂടുതല്‍ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.