‘എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നിൽക്കണം’; ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി എ കെ ആന്‍റണി

തിരുവനന്തപുരം: വയനാടിനായി മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി. എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നിൽക്കണമെന്നും എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും എ കെ ആന്റണി പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. രാഷ്ട്രീയം മറന്ന് ദുരന്തത്തിൽ അകപ്പെട്ട് കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം. എംപി ആയിരുന്നപ്പോള്‍ പ്രളയ സമയത്തൊക്കെ കൂടുതൽ തുക താൻ സംഭാവന നൽകിയിയിരുന്നു.

ഇപ്പോൾ അതിനുള്ള കഴിവില്ല. എന്നാലും ഇന്ന് 50,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നുണ്ടെന്നും എ കെ ആന്റണി പറഞ്ഞു. ഒരു തർക്കവുമില്ലാതെ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാണ് തന്റെ അഭ്യർത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News