കത്ത് വ്യാജം ‘ഉപയോഗിച്ച ലെറ്റർപാഡ് എഡിറ്റ് ചെയ്തു തയാറാക്കിയ കത്ത്’: മേയറുടെ മൊഴി ഇങ്ങനെ

തിരുവനന്തപുരം:തന്റെ പേരില്‍ പ്രചരിയ്ക്കുന്ന കത്ത് കൃത്രിമമായി തയാറാക്കിയതെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മൊഴി നൽകി. കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ചിന് വീട്ടിൽ വച്ചായിരുന്നു മേയർ മൊഴി നൽകിയത്. പ്രചരിച്ച കത്തിൽ ഉപയോഗിച്ചിരിക്കുന്ന ലെറ്റർപാഡ് എഡിറ്റ് ചെയ്ത് തയാറാക്കിയെന്നാണ് മൊഴി. ലെറ്റർ ഹെഡും സീലും തന്റേതാണെന്ന് മേയർ ഇതോടെ സ്ഥിരീകരിച്ചിരിക്കുകയാണ്.

‘‘ലെറ്റർ ഹെ‍ഡും സീലും തന്റെ ഓഫിസിന്റേതാണ്. ഉപയോഗിച്ച ലെറ്റർഹെഡ് കോർപ്പറേഷനിലെ പല സെക്‌ഷനുകളിൽനിന്നും ലഭിക്കും. ഇങ്ങനെ ലഭിച്ചതിൽനിന്ന് ലെറ്റർ ഹെഡും ഒപ്പിന്റെ ഭാഗത്തെ സീലും വച്ചാണ് കൃത്രിമ കത്ത് തയാറാക്കിയിരിക്കുന്നത്. കത്തിന്റെ ഭാഗം എഡിറ്റ് ചെയ്തു തയാറാക്കിയിരിക്കുന്നതാണ്’’ – ആര്യ നൽകിയ മൊഴിയിൽ പറയുന്നു. 

മേയറുടെ രാജിയാവശ്യപ്പെട്ടുള്ള സമരങ്ങളിൽ തലസ്ഥാനം ഇന്നലെയും പ്രക്ഷുബ്ധമായി. മേയറെ വീട്ടിൽ കരിങ്കോടി കാണിച്ച കെഎസ്‍യു പ്രവർത്തകരെ സിപിഎമ്മുകാർ മർദ്ദിച്ചു. കോർപ്പറേഷനിൽ കോൺഗ്രസും ബിജെപിയും ഇന്നും ശക്തമായി പ്രതിഷേധിച്ചു. മേയർക്ക് സംരക്ഷണം തീർക്കാനാണ് സിപിഎം തീരുമാനം. മേയർക്കെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിൻ്റെ ഭാഗമായായിരുന്നു വീട്ടിന് മുന്നിലെ കെഎസ്‍യുവിൻ്റെ കരിങ്കൊടി കാണിക്കൽ. സംരക്ഷണം തീർക്കാനെത്തിയ സിപിഎമ്മുകാർ പൊലീസ് ഇടപെടും മുമ്പ് പ്രതിഷേധക്കാരെ മർദ്ദിച്ചു. പിന്നീട് പൊലീസ് കെഎസ്‍യുക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. 

കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് വിവാദത്തിലായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്.

കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News