മാനന്തവാടി : കടുവയിറങ്ങിയ വയനാട് കുറുക്കന്മൂലയിലും അയൽ പ്രദേശങ്ങളിലും വനം വകുപ്പിന്റെ നടപടികൾ കാര്യക്ഷമമല്ലെന്ന പരാതിയുന്നയിച്ച നാട്ടുകാർക്കെതിരെ വനംവകുപ്പുദ്യോഗസ്ഥന്റെ കത്തി ഭീഷണി. കടുവയെ പിടികൂടേണ്ട ചുമതലയുള്ള റാപ്പിഡ് റെസ്പോൺസ് ടീമിലെ അംഗമാണ് നാട്ടുകാർക്കു നേരെ കത്തിയൂരാൻ ശ്രമിച്ചത്. ജനക്കൂട്ടത്തിനു നേരെ കുതിക്കുന്നതിനിടെ അരയിൽ നിന്നു കത്തിയെടുക്കാനുള്ള ശ്രമം സഹഉദ്യോഗസ്ഥർ തടഞ്ഞു.
കടുവയെ തിരഞ്ഞിറങ്ങുന്ന വനപാലക സംഘത്തിനു മരച്ചില്ലകളും കുറ്റിക്കാടുമെല്ലാം വെട്ടിനീക്കാനാണു കത്തി നൽകിയിരിക്കുന്നത്. പുലർച്ചെ പുതിയിടത്ത് കടുവയെ കണ്ട വിവരം ഉടൻ അറിയിച്ചിട്ടും പിടികൂടാൻ നീക്കം ഉണ്ടായില്ലെന്ന വിവരം വയനാട് വൈൽഡ്‌ലൈഫ് വാർഡൻ എസ്. നരേന്ദ്രനാഥ്, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയ എന്നിവരുമായി നാട്ടുകാർ സംസാരിക്കുന്നതിന് ഇടയിലാണ് സംഘർഷാവസ്ഥ ഉണ്ടായത്. പ്രതിഷേധിച്ച കൗൺസിലർ വിപിൻ വേണുഗോപാലിനെ വനപാലകർ തള്ളി മാറ്റിയതോടെ നാട്ടുകാരും പ്രതിഷേധം കനപ്പിച്ചു. ഇതിനിടെയാണ് ഉദ്യോഗസ്ഥൻ നിലവിട്ടു പെരുമാറിയത്.
കത്തിയെടുത്ത വനപാലകന് എതിരെ നടപടി വേണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാപ്പ് പറയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ആഴ്ചകളായി ഉൗണും ഉറക്കവും ഉപേക്ഷിച്ച് കടുവ ദൗത്യത്തിന് ഇറങ്ങിയ ഉദ്യോഗസ്ഥരോട് ചിലർ മോശമായി പെരുമാറിയെന്നും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയത്ത് വനപാലകരുടെ ആത്മവീര്യം തകർക്കുന്ന നിലപാട് ശരിയല്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരും നിലപാടെടുത്തു. വനം വകുപ്പ് വാഹനങ്ങൾ നാട്ടുകാർ തടഞ്ഞിട്ടു. പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.
മയക്കുവെടി വയ്ക്കാനുള്ള 2 സംഘങ്ങൾ ഇന്നലെ പകൽ മുഴുവൻ കടുവയ്ക്കായി തിരച്ചിൽ നടത്തി. പുതിയിടത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.