മുല്ലപ്പെരിയാർ: മുല്ലപ്പെരിയാറിലെ (mullaperiyar) ബേബി ഡാമിന് (baby dam )താഴെയുള്ള 15 മരങ്ങൾ മുറിക്കുന്നതിന് (tree felling)കേരളം അനുമതി നൽകിയത് വിവാദത്തിൽ. വനംവകുപ്പ് മന്ത്രി അറിയാതെയാണ് മരം മുറിക്കുന്നതിന് അനുമതി നൽകിയതെന്നാണ് വിവരം. വിഷയത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയതോടെയാണ് മരംമുറിക്ക് കേരളം അനുമതി നൽകിയെന്ന വിവരം പുറത്ത് വന്നത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസാണ് അനുമതി നൽകിയതെന്നാണ് ഉത്തരവിലുള്ളത്. എന്നാൽ ഈ ഉത്തരവിനെ കുറിച്ച് വനംവകുപ്പ് മന്ത്രി പോലും അറിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. മരം മുറി വാർത്തയായതോടെ മന്ത്രി വിഷയത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുകയെന്നത് തമിഴ്നാട് ഏറെ കാലമായി ആവശ്യപ്പെടുന്നതായിരുന്നു. ഈ ഡാം ബലപ്പെടുത്തിക്കഴിഞ്ഞാൽ മുല്ലപ്പെരിയാറിലെ ജല നിരപ്പ് കൂട്ടണമെന്ന വാദം തമിഴ്നാടിന് ശക്തമായി ഉന്നയിക്കാം. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഡാം ബലപ്പെടുത്തൽ തിരിച്ചടിയാകും.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച അഞ്ച് അംഗ തമിഴ്നാട് മന്ത്രിതല സംഘം ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ കേരളത്തിന്റെ അനുമതി തേടിയിരുന്നു. മരം മുറിച്ച് ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദർശിച്ച ശേഷം തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രിയുടെ പ്രതികരണം. എന്നാൽ മരംമുറി അനുമതി നൽകിയ കേരളത്തിന് നന്ദിയറിയിച്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പക്ഷേ ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടി ആക്കുന്നതിനെ കുറിച്ച് കത്തിൽ പരാമർശിച്ചിട്ടില്ല