മലപ്പുറം: വനംവകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. മലപ്പുറം ആര്‍ത്തലക്കുന്ന് കോളനിയില്‍ ബുധനാഴ്ച്ച ഉച്ചക്ക് 12 ഓടെയാണ് അപകടം.
ആര്‍ത്തലക്കുന്ന് കോളനിക്ക് സമീപമുള്ള വനമേഖലയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയ സംഘം സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വാഹനത്തിലുണ്ടായിരുന്നത് രണ്ട് വനിതകള്‍ ഉള്‍പ്പടെ ആറ് ഉദ്യോഗസ്ഥരാണ്.
മുകളിലേക്ക് പോകുകയായിരുന്ന ജീപ്പ് കയറ്റം കയറാനാവാതെ പിറകിലേക്ക് വന്ന് 20 അടി താഴ്ച്ചയിലുള്ള വെള്ളാരം കുന്നേല്‍ പ്രകാശിന്റെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. അപകടത്തെ തുടര്‍ന്ന് വീടിന്റെ പിന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.
കരുവാരകുണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഗിരീഷ്, അഭിലാഷ്, അമൃത രശ്മി, വിനീത, വാച്ചര്‍ രാമന്‍, ഡ്രൈവര്‍ നിര്‍മല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണ, കരുവാരക്കുണ്ട് എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.