മൈസൂരു: ഒളിവിലായിരുന്ന ഒട്ടേറെ കേസുകളിലെ പ്രതിയെ വനം വകുപ്പുദ്യോഗസ്ഥർ പിടികൂടി. ’ശിക്കാരി’ ഗോവിന്ദ (32) എന്ന ആളെയാണ് വനം വകുപ്പുദ്യോഗസ്ഥർ ബുധനാഴ്ച രാത്രി അറസ്റ്റുചെയ്തത്. ‘മാരി വീരപ്പൻ’ എന്ന് വിളിപ്പേരുള്ള ശിക്കാരി ഗോവിന്ദ ഒട്ടേറെ വന്യജീവി അതിക്രമ കേസുകളിൽ പ്രതിയാണ്. പലതവണ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യം നേടി ഒളിവിൽ പോകുകയാണ് പതിവ്. കഴിഞ്ഞ ആറു വർഷങ്ങളായി ഇയാൾ ഒളിവിലാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാല് കടുവകളെ കൊന്നു, 2023-ൽ ബൊഗാദിക്ക് സമീപം ഒരു കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിച്ച് 2.5 കോടി രൂപ കൊള്ളയടിച്ചു, ബെംഗളൂരുവിൽ രണ്ട് കൊലപാതകക്കേസ് തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയാണ്. ഇതിനുപുറമെ ചാമരാജനഗർ ജില്ലയിലെ ഹനൂർ പോലീസ് സ്റ്റേഷനിൽ 2003-ൽ അനധികൃതമായി തോക്ക് കൈവശം വച്ചതിന് മറ്റൊരു കേസും നിലവിലുണ്ട്. ഇയാളുടെ സംഘത്തിൽപ്പെട്ടവരെ പോലീസും വനംവകുപ്പും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ബുധനാഴ്ച ഇയാൾ മൈസൂരു കൃഷ്ണരാജ ബൊളിവാർഡിലെ കോടതിയിൽ ബൊഗാദി കവർച്ച കേസിന്റെ വിചാരണയ്ക്ക് എത്തിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസ് സഹായത്തോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ കോടതി പരിസരത്തെത്തി. എന്നാൽ, ഇവരെ വെട്ടിച്ച് ഗോവിന്ദകടന്നു. തുടർന്ന് രാത്രി എട്ടിന് മൈസൂരു-ചാമരാജനഗർ പാസഞ്ചർ ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. വിവരമറിഞ്ഞ് പോലീസും വനം വകുപ്പുദ്യോഗസ്ഥരും ഓടികൊണ്ടിരിക്കുന്ന ട്രെയിനിലെത്തി പരിശോധന തുടങ്ങി.
ഉടൻ ഗോവിന്ദ ട്രെയിനിൽനിന്ന് ചാടി റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചു. ലോക്കോ പൈലറ്റിനോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരും ട്രെയിനിൽനിന്ന് ചാടി കുറ്റിക്കാട്ടിൽ ഒളിച്ച ഗോവിന്ദയെ തിരച്ചലിലൂടെ പിടികൂടി. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ഭാസ്കർ അസി. കൺസർവേറ്റർമാരായ രുദ്രേഷ്, വിരാജ് ഹൊസൂരു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.


