KeralaNews

കാർ കത്തി ദമ്പതിമാർ മരിച്ച സംഭവം:കാറിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യമെന്ന് ഫൊറൻസിക് റിപ്പോർട്ട്

കണ്ണൂർ: കണ്ണൂരിൽ കാറ് കത്തി ദമ്പതിമാർ മരിച്ച സംഭവത്തിൽ കാറിനുള്ളിൽ പെട്രോൾ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരുമാസത്തോളം നീണ്ട പരിശോധകൾക്ക് ശേഷമാണ് ഫൊറൻസിക് റിപ്പോർട്ട് തളിപ്പറമ്പ് സബ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.

ഫെബ്രുവരി രണ്ടിനായിരുന്നു സംഭവം. ഗർഭിണിയായ ഭാര്യയുമായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടമുണ്ടായത്. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തുമായിരുന്നു കാറിലുണ്ടായിരുന്നത്. കാറിൽ നിന്ന് ഇറങ്ങിപ്പോകാൻ പറ്റാത്തവിധത്തിൽ തീപിടിത്തമുണ്ടാകാനുള്ള കാരണമെന്തായിരുന്നു എന്ന ചോദ്യങ്ങൾ അപകടത്തിന് പിന്നാലെ വ്യാപകമായി ഉയർന്നിരുന്നു. ഇതിൽ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്ന് കണ്ടെത്തി. എന്നാൽ തീയുടെ തീവ്രത ഇത്രയും വർധിക്കാനുള്ള കാരണം എന്തായിരുന്നു എന്നായിരുന്നു പരിശോധിച്ചത്. ഇതിൽ, വാഹനത്തിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കാറിനുള്ളിൽ വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്, പെട്രോൾ സൂക്ഷിച്ചിരുന്നില്ല എന്നായിരുന്നു റീഷയുടെ അച്ഛൻ വ്യക്തമാക്കുന്നത്.

അപകടത്തിന് രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയിൽ കാറിൽ പെട്രോളിന്റെ സാന്നിധ്യം ഫൊറൻസിക് സംഘം കണ്ടെത്തിയിരുന്നു. അങ്ങന എങ്കിൽ ഇത് ആരെങ്കിലും കൊണ്ടു വെച്ചതാണോ എന്ന് കുടുംബം സംശയിക്കുന്നുണ്ട്. ഇക്കാര്യം നേരത്തെ തന്നെ കുടുംബം വ്യക്തമാക്കിയിരുന്നു.

കുപ്പിക്കുള്ളിൽ ഉണ്ടായിരുന്നത് വെള്ളമായിരുന്നില്ല പെട്രോളായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, യാതൊരു തരത്തിലും പെട്രോൾ കാറിൽ സൂക്ഷിച്ചിരുന്നില്ല. അപകടത്തിന് തലേ ദിവസം മാഹിയിൽ നിന്ന് പെട്രോൾ അടിച്ചിരുന്നു. അതുകൊണ്ട് തന്നെ പെട്രോൾ സൂക്ഷിക്കേണ്ട സാഹചര്യം ഇല്ല എന്നാണ് കുടുംബം വ്യക്തമാക്കുന്നത്. കാർ കത്തിയതിന് ശേഷം ആരെങ്കിലും പെട്രോൾ കുപ്പി കൊണ്ടു വെച്ചോ എന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button