കോട്ടയം:കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് (Kanjirappally Cooperative Bank) ഭരണം ചരിത്രത്തിലാദ്യമായി എൽഡിഎഫിന് (LDF). കോൺഗ്രസിൽ (Congress) നിന്ന് രാജിവച്ച ടി എസ് രാജൻ എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി. മുസ്ലീം ലീഗിൻ്റെ (Muslim League) ഏക അംഗം സിജ സക്കീറും രാജനെ പിന്തുണച്ചു. കോൺഗ്രസിൽ നിന്ന് നിബു ഷൗക്കത്താണ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചത്.
പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ സക്കീർ കട്ടൂപ്പാറയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജൻ പാർട്ടി വിട്ടത്. നേരത്തെ രാജനെ ബാങ്ക് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാൻ സക്കീർ എൽഡിഎഫ് പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസം ക്വാറം തികയാത്തതിനാൽ പരാജയപ്പെട്ടിരുന്നു. തുടർന്ന് സക്കീറിനെതിരെ നടപടിയെടുക്കാം എന്ന കോൺഗ്രസ് നേതൃത്വത്തിൻ്റെ ഉറപ്പിൻമേലാണ് രാജൻ ബാങ്ക് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞത്. 1927ൽ പ്രവർത്തനം തുടങ്ങിയ ബാങ്കിൻ്റെ 9 പതിറ്റാണ്ട് നീണ്ട ചരിത്രത്തിലാദ്യമായാണ് എൽഡിഎഫ് ഭരണം പിടിച്ചെടുക്കുന്നത്.