തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള സർക്കാർ ജീവനക്കാർ സാമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിന് വിലക്കേർപ്പെടുത്തി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. മാർച്ച് 13നാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഉത്തരവ് അധികാര ദുർവിനിയോഗമാണെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിച്ചു.
പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സം സൃഷ്ടിക്കാതെയും സാമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിനു സർക്കാർ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയാൽ ചട്ടലംഘനങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് എന്ന് ഉത്തരവില്‍ പറയുന്നു.
യൂട്യൂബ്, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ ചാനല്‍ തുടങ്ങിയാല്‍, നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ സബ്സ്ക്രൈബേഴ്സ് എത്തുകയും വീഡിയോകള്‍ കൂടുതല്‍ ആളുകള്‍ കാണുകയും ചെയ്താല്‍ പരസ്യ വരുമാനം ഉൾപ്പെടെ സാമ്പത്തിക നേട്ടം ലഭിക്കുമെന്നും ഇത് 1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ, ചട്ടം 48 ലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഉത്തരവില്‍ പറയുന്നു.
അനുവാദം വാങ്ങി ഇത്തരം ചാനലുകള്‍ ആരംഭിക്കുന്ന ഉദ്യോഗസ്ഥർ പ്രതിഫലം വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനും തെളിയിക്കുന്നതിനും പ്രായോഗിക തടസ്സങ്ങൾ ഉണ്ട്. അതിനാല്‍ ആരോഗ്യ വകുപ്പിന് കീഴിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്കേർപ്പെടുത്തുന്നു എന്നാണ് ഉത്തരവ്.
സമൂഹമാധ്യമങ്ങളില്‍ ചാനലുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ലഭ്യമാകുന്ന അപേക്ഷകൾ ജില്ലാതലത്തിലോ സ്‌ഥാപനതലത്തിലോ നിരസിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.