ജലന്ധര്‍: ഖലിസ്ഥാൻ വാദി അമൃത്പാല്‍ സിങ് പൊലീസ് പിടിയിൽ നിന്നും കാറില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച ജലന്ധറിലെ ടോള്‍ പ്ലാസയില്‍ നിന്നും അമൃത്പാൽ രക്ഷപ്പെടുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നാലു പ്രതികൾ ചേർന്നാണ് അമൃത് പാലിനെ രക്ഷപ്പെടുത്തിയതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. അമൃത് പാൽ രക്ഷപ്പെടാൻ ഉപയോഗിച്ച ബ്രസ്സ കാർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി ചേർന്ന് പ്രതിക്കായി തെരച്ചിൽ നടത്തുന്നുവെന്നും പഞ്ചാബ് പൊലീസ് ഐജി സുക്ചായിൻ സിങ് അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില സമാധാനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമൃത്പാൽ സിങിനെ പിടികൂടാനാകാത്തതിൽ പഞ്ചാബ് സർക്കാരിനെ വിമർശിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി . പൊലീസിന് ഇൻറലിജൻസ് വീഴ്ചയുണ്ടായതായി കുറ്റപ്പെടുത്തി. അമൃത്പാൽ സിങിനെതിരെ ദേശീയ സുരക്ഷ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയതായി പൊലീസ് കോടതിയിൽ പറഞ്ഞു. സമാധാന സാഹചര്യം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി.
തുടർച്ചയായ നാലാം ദിവസവും ഖലിസ്ഥാൻവാദി നേതാവിനെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുന്ന പഞ്ചാബ് പൊലീസിന് കോടതിയിൽ നേരിട്ടത് രൂക്ഷ വിമർശനമാണ്. 80,000 പൊലീസുകാരുള്ള സംസ്ഥാനത്ത് എന്തുകൊണ്ട് അമൃത്പാല് സിങിനെ പിടികൂടാൻ കഴിയുന്നില്ലെന്ന് കോടതി ചോദിച്ചു. പൊലീസിന് ഉണ്ടായത് ഇൻറലിജൻസ് വീഴ്ചയാണെന്ന കുറ്റപ്പെടുത്തിയ കോടതി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. കേസിൽ അഭിഭാഷകനായ തനു ബേദിയെ കോടതി അമിക്കസ്ക്യൂരിയായി നിയമിച്ചു . അമൃത്പാൽസിങ് നേതൃത്വം നൽകുന്ന വാരിസ് പഞ്ചാബ് ദേ യുടെ നിയമോപദേശകൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതിയിൽ നിന്ന് പൊലീസിന് നേരെ വിമർശനം നേരിട്ടത്.
അമൃത്പാലിനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തിയതായും സർക്കാർ കോടതിയിൽ പറഞ്ഞു. ഇതിനിടെ അമൃത്പാൽ സിങ് പൊലീസിൽ നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ശനിയാഴ്ച ജലന്ധറിലെ ടോൾ പ്ലാസയിലൂടെ അമൃത്പാൽ സിങ് കാറിൽ പോകുന്ന ദൃശ്യമാണ് പുറത്ത് വന്നത്.
ഈ കാർ പിടിച്ചെടുത്തിട്ടുണ്ടന്നും നാല് പ്രതികളാണ് അമൃത്പാലിനെ രക്ഷപ്പെടാൻ ശ്രമിച്ചതെന്നും ഐജി സുഖ്ചായിൻ സിങ് വ്യക്തമാക്കി. അമൃത്പാലിനെതിരായ തെരച്ചിൽ നടപടി തുടരുന്പോൾ ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് പൊലീസ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഇൻറർനെറ്റ് എസ്എംഎസ് നിരോധനം ഏർപ്പെടുത്തിയിരുന്നു. തെരച്ചിൽ നാലാംദിവസത്തിലേക്ക് കടക്കുന്പോൾ നിരോധനം സംസ്ഥാനത്തെ ചില മേഖലകളിൽ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.
പല സംസ്ഥാനങ്ങളുമായി ചേർന്നാണ് അമൃത്പാലിനെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നതെന്നും ഇന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. അമൃത്പാലിൻറെ ബന്ധു അടക്കമുള്ള അറസ്റ്റിലായ മൂന്ന് പേരെ കൂടി ഇന്ന് അസമിലെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ഏഴ് പേരെയാണ് പഞ്ചാബിൽ നിന്ന് അസമിൽ എത്തിച്ചിരിക്കുന്നത്.