ബെംഗളൂരു: അഞ്ചുവയസുകാരന്‍ മരിച്ചത് കേക്കില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. കുട്ടിയുടെ മാതാപിതാക്കള്‍ കെംപെഗൗഡ ആശുപത്രിയിലെ ഐസിയുവില്‍ അത്യാസന്ന നിലയില്‍ തുടരുകയാണ്. സ്വിഗ്ഗിയില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ബാല്‍രാജുവിന്റെയും നാഗലക്ഷ്മിയുടെയും മകനാണ് തിങ്കളാഴ്ച മരിച്ച അഞ്ചുവയസുകാരന്‍.
പഴകിയ ഭക്ഷണം കഴിച്ചതാണ് ബാല്‍രാജുവിന്റെയും നാഗലക്ഷ്മിയുടെയും അപകടനിലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ വീട്ടില്‍ നിന്നും ഭക്ഷണസാധനങ്ങളെല്ലാം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശുപത്രിയില്‍ ഉള്ളവരുടെയും അവരുടെ വീട്ടില്‍നിന്നും ശേഖരിച്ച് ഭക്ഷണസാധനങ്ങളുടെയും പരിശോധനാ ഫലങ്ങള്‍ വന്ന ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരു നഗരത്തിലെ വിവിധ ബേക്കറികളില്‍നിന്നായി 12 തരം വ്യത്യസ്ത കേക്കുകളില്‍ നടത്തിയ പരിശോധനയില്‍ ഇവയിലെല്ലാം ക്യാന്‍സര്‍ വരുത്തുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. മാസംതോറും നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി നടത്തിയ ടെസ്റ്റിങിലാണ് കേക്കില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതെന്ന് കര്‍ണാടക മന്ത്രി ദിനേഷ് ഗുണ്‍ഡു റാവു പറഞ്ഞു.