തിരുവനന്തപുരം : കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലം പുറത്ത് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു .
ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട് . അതിനാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു .
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 349 പരിശോധനകള്‍ നടത്തി. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 142 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 466 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും മന്ത്രി വ്യക്തമാക്കി.
ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4010 പരിശോധനകളില്‍ 2014 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 458 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 5 സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ ശേഖരിച്ചു. 6 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കരിവെള്ളൂര്‍ പെരളം സ്വദേശിയും നിലവില്‍ പിലിക്കോട് മട്ടലായി താമസക്കാരിയുമായ ഇ വി ദേവനന്ദ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് മരണപ്പെട്ടത്. ഷിഗെല്ല ബാക്ടീരിയയുടെ ഭക്ഷണത്തിലുള്ള സാന്നിധ്യമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന്് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഐഡിയല്‍ കൂള്‍ബാര്‍ ആന്റ് ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തില്‍ നിന്നും അന്നേ ദിവസം ഭക്ഷണം കഴിച്ച നാല്പത്തിയേഴോളം പേര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെയ് 1ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. അവരെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ട്.
സ്ഥാപനത്തിന് 2022 മാര്‍ച്ച് 31 വരെയാണ് പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നതെന്നും തുടര്‍ അനുമതിക്കായി പ്രസ്തുത സ്ഥാപന ഉടമ ചെറുവത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിരുന്നു. ഈ സ്ഥാപനത്തിന്റെ ലൈസന്‍സി പി.വി. കുഞ്ഞഹമ്മദ്, പിലാവളപ്പ്, വലിയപൊയില്‍ എന്നയാളാണ്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ മുള്ളോളി അനക്സ്റ്റര്‍ , കൊല്യ , മംഗളുരു, ഷവര്‍മ ഉണ്ടാക്കുന്ന തൊഴിലാളി നേപ്പാള്‍ സ്വദേശി സന്ദേശ് റായ് ആണ് .
ആവശ്യമായ രേഖകള്‍ സൂക്ഷിക്കാതെ മനുഷ്യ ജീവനു ഹാനികരമായ സാധനങ്ങള്‍ വില്‍പ്പന നടത്തി അപകടം വരുത്തിയതിനെതിരെ മേല്‍പറഞ്ഞവരെ പ്രതികളാക്കി ചന്തേര പൊലീസ് കേസെടുത്തിരുന്നു. പ്രഥമ വിവര റിപ്പോര്‍ട്ട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് 1, ഹോസ്ദുര്‍ഗ്ഗ് മുമ്പാകെ സമര്‍പ്പിച്ച് കേസില്‍ അന്വേഷണം നടത്തിവരികയാണ് .