അധ്യാപികയോട് ലിഫ്റ്റിൽ വെച്ച് ‘ഐ ലവ് യൂ’ പറഞ്ഞ് ഫുഡ് ഡെലിവറി ബോയ്; പിന്നീട് സംഭവിച്ചത്‌

ലിയോനിങ്: ലതരത്തിലുള്ള പ്രണയകഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ സംഭവം. ലിഫ്റ്റില്‍ മൊട്ടിട്ട ചൈനീസ്-യുഎസ് പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ചൈനയിലെ ലിയോനിങ് പ്രവിശ്യയില്‍ നിന്നുള്ള 27-കാരനായ ലിയു എന്ന ഫുഡ് ഡെലിവറി ബോയ് ആണ് ഈ സംഭവത്തിലെ നായകന്‍. നായികയാകട്ടെ യുഎസ്സിലെ അലബാമയിലെ 30-കാരിയായ നഴ്‌സറി അധ്യാപിക ഹന്ന ഹാരിസും. വെറും അഞ്ച് മാസത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരായത്.

ലിയോനിങ് പ്രവിശ്യയിലെ ഷെന്‍യാങ് നഗരത്തിലെ നഴ്‌സറിയിലെ ഇംഗ്ലീഷ് അധ്യാപികയാണ് ഹന്ന. ഹന്ന ഓര്‍ഡര്‍ ചെയ്ത നൂഡില്‍സ് നല്‍കാനായാണ് ലിയു അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇരുവരും യാദൃശ്ചികമായി ഒരേ ലിഫ്റ്റില്‍ വെച്ച് കണ്ടുമുട്ടി.

‘എനിക്ക് ഇംഗ്ലീഷ് അധികം സംസാരിക്കാന്‍ അറിയില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞു, ‘ഹലോ, ഐ ലവ് യൂ’ എന്ന്. ഞാന്‍ അങ്ങനെ പറഞ്ഞത് കേട്ടപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു.’ -അന്നത്തെ നിമിഷങ്ങള്‍ ലിയു ഓര്‍ത്തെടുത്തു.

അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിനുശേഷം ഇരുവരും ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറുകയും ചാറ്റ് ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. പരസ്പരം ഭാഷ പഠിപ്പിക്കാം എന്ന് ഹന്ന ലിയുവിനോട് പറഞ്ഞു. തുടര്‍ന്ന് ലിയു ഹന്നയെ ചൈനീസ് ഭാഷയും ഹന്ന ലിയുവിനെ ഇംഗ്ലീഷും പഠിപ്പിക്കാന്‍ തുടങ്ങി.

സൗഹൃദം വളര്‍ന്നതോടെ വളര്‍ത്തുമൃഗങ്ങളുടേയും പാചകത്തിന്റേയും ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും പരസ്പരം പങ്കുവെച്ചു. ഇതോടെ രണ്ടുപേരുടേയും താത്പര്യങ്ങള്‍ സമാനമാണെന്ന് ഇരുവരും തിരിച്ചറിഞ്ഞു. പ്രണയത്തിന്റെ മൊട്ടുകള്‍ വിരിഞ്ഞതോടെ ലിയും ഹന്നയും ഒന്നിച്ചായി ഫുഡ് ഡെലിവെറിക്ക് പോകുന്നത്.

ഒടുവില്‍ ഒരു ഭൂഗര്‍ഭ സ്‌റ്റേഷനില്‍ വെച്ച് വജ്രമോതിരം നല്‍കിക്കൊണ്ട് ലിയു ഹന്നയെ പ്രൊപ്പോസ് ചെയ്തു. പിന്നീട് രണ്ടുമാസത്തിന് ശേഷം ഇരുവരും വിവാഹിതരായി. ഹന്നയുടെ മാതാപിതാക്കള്‍ യുഎസ്സില്‍ നിന്ന് വീഡിയോയിലൂടെ തങ്ങളെ ആശീര്‍വദിച്ചുവെന്നും ലിയു പറഞ്ഞു. തനിക്ക് സ്വന്തമായി വീടും കാറുമൊന്നുമില്ലെങ്കിലും ഹന്നയ്ക്ക് അതൊന്നും ഒരു പ്രശ്‌നമായിരുന്നില്ലെന്നും ലിയു കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News