24.6 C
Kottayam
Sunday, May 19, 2024

‘ഫ്ലയിങ് കിസ്’ മാഡം ജീയെ വേദനിപ്പിച്ചു, മണിപ്പുരിലെ സ്ത്രീകൾ നേരിടുന്നതോ?: ആഞ്ഞടിച്ച്‌ പ്രകാശ് രാജ്

Must read

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ‘ഫ്ലയിങ് കിസ്’ പരാതിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസംഗിച്ചശേഷം മടങ്ങുമ്പോൾ രാഹുൽ ഗാന്ധി ബിജെപി ബെഞ്ചുകൾക്കു നേരെ ‘ഫ്ലയിങ് കിസ്’ നൽകിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. ഇതിനെതിരെ ബിജെപിയുടെ വനിതാ എംപിമാർ സ്പീക്കർക്കു പരാതി നൽകിയിരുന്നു. സഭയുടെ അന്തസ്സിനു നിരക്കാത്ത വിധം രാഹുൽ പെരുമാറിയെന്നായിരുന്നു ആരോപണം.

സ്മൃതി ഇറാനി‌ ഈ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്ന വാർത്താ ഏജൻസിയായ എഎൻഐയുടെ പോസ്റ്റ് പങ്കുവച്ചാണ് പ്രകാശ് രാജ് രൂക്ഷ വിമർശനം ഉയർത്തിയത്. സ്മൃതി ഇറാനിക്ക് ‘ഫ്ലയിങ് കിസ്’ കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും, മണിപ്പുരിലെ സ്ത്രീകൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ യാതൊരു പ്രശ്നവുമില്ലെന്നായിരുന്നു പ്രകാശ് രാജിന്റെ വിമർശനം.

‘‘മുൻഗണനകളാണ് പ്രശ്നം. ഫ്ലൈയിങ് കിസ് മാഡം ജീക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. പക്ഷേ, മണിപ്പുരിലെ നമ്മുടെ സ്ത്രീകൾക്കു സംഭവിച്ച കാര്യങ്ങളിൽ യാതൊരു പ്രശ്നവുമില്ല’’ – #manipurwomen  #ManipurVoilence  #justasking എന്നീ ഹാഷ്ടാഗുകൾ സഹിതം പ്രകാശ് രാജ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

മണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചും, പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നുവെന്ന് വിമർശിച്ചുമാണ് അസമിൽനിന്നുള്ള കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം ദിനം പ്രസംഗിച്ച രാഹുൽ ഗാന്ധി, മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു.

ഈ പ്രസംഗത്തിനു ശേഷം രാഹുൽ മടങ്ങുമ്പോഴാണ്, ഫ്ലയിങ് കിസ് വിവാദം ഉയർന്നത്. രാഹുൽ മടങ്ങുന്ന സമയത്ത് ബിജെപി അംഗങ്ങൾ കൂവിയിരുന്നു. സന്ദർശക ഗാലറിയിലുണ്ടായിരുന്ന കെ.സി.വേണുഗോപാലിനും മറ്റു കോൺഗ്രസ് നേതാക്കൾക്കും നേരെ കൈവീശിക്കാണിച്ച ശേഷം ബിജെപി ബെഞ്ചുകൾക്കു നേരെയും രാഹുൽ കൈവീശിയിരുന്നു. ഇതിനെതിരെയാണ് ആരോപണം ഉയർന്നത്. എന്നാൽ, ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഞാൻ അങ്ങനെയൊന്നും കണ്ടില്ല’ എന്നായിരുന്നു ബിജെപി എംപിയായ ഹേമമാലിനിയുടെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week