​'ഗം​ഗാ മാതാവ് വീട്ടിലെത്തി'; പ്രളയജലത്തെ സന്തോഷത്തോടെ സ്വീകരിച്ച് പോലീസ് ഉദ്യോ​ഗസ്ഥൻ, വീഡിയോ വൈറൽ

​'ഗം​ഗാ മാതാവ് വീട്ടിലെത്തി'; പ്രളയജലത്തെ സന്തോഷത്തോടെ സ്വീകരിച്ച് പോലീസ് ഉദ്യോ​ഗസ്ഥൻ, വീഡിയോ വൈറൽ

ഉത്തർപ്രദേശിലെ ചില പ്രദേശങ്ങളിൽ പ്രളയസമാനമായ വെള്ളപ്പൊക്കമാണ്. എന്നാൽ, ഈ ദുരിതത്തിനിടയിലും നദിയെ സന്തോഷപൂർവം വീട്ടിലേക്ക് സ്വീകരിക്കുന്ന ഒരു പോലീസ് ഉദ്യോ​ഗസ്ഥനാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. ഇരച്ചെത്തിയ വെള്ളത്തെ പ്രാർഥനയോടെ സ്വീകരിക്കുന്ന വീഡിയോയും സബ്-ഇൻസ്‌പെക്ടർ ചന്ദ്രദീപ് നിഷാദ് പങ്കുവെച്ചു. യൂണിഫോമിൽ തന്നെ പൂജ ചെയ്യുന്നതിന്റെ വെള്ളപ്പൊക്കത്തിന് പൂക്കൾ അർപ്പിക്കുന്നന്റെയും ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

‘ഇന്ന് രാവിലെ ഡ്യൂട്ടിക്ക് പോകാനിറങ്ങിയപ്പോൾ ഗംഗാ മാതാവ് വീട്ടിലെത്തി. വീട്ടുപടിക്കൽ വെച്ച് ഗംഗാ മാതാവിനെ പൂജിച്ച് അനുഗ്രഹം വാങ്ങി. ജയ് ഗംഗാ മാതാ’, പോസ്റ്റിന്റെ അടിക്കുറിപ്പിൽ അദ്ദേഹം എഴുതി. മറ്റൊരു വീഡിയോയിൽ പോലീസ് ഉദ്യോ​ഗസ്ഥൻ തന്റെ വീട്ടിൽ അരയോളം വെള്ളത്തിൽ നിൽക്കുന്നതും കാണാനാകും. ‘ആയിരങ്ങൾ അമ്മയെ തേടിപ്പോകുന്നു. എനിക്ക് എങ്ങോട്ടും പോകേണ്ടി വന്നില്ല, എന്നെ അനുഗ്രഹിക്കാൻ അമ്മ ഇങ്ങോട്ട് വന്നു’, അദ്ദേഹം പറയുന്നു.

നിഷാദ് വീടിന്റെ ഒന്നാംനിലയിൽനിന്ന് വെള്ളത്തിലേക്ക് ചാടുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തന്നെ അനുകരിക്കരുതെന്ന മുന്നറിയിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. രണ്ട് യുവതികൾക്കൊപ്പം തന്റെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് പ്രളയവെള്ളത്തിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു.

നിലവിൽ, അലഹബാദ് ഹൈക്കോടതിയിൽ ഒരു പേഴ്സണൽ സെക്യൂരിറ്റി ഓഫീസറാണ് അദ്ദേഹം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വീഡിയോ വൈറലായതോടെ ഒട്ടേറെ പേരാണ് പോസ്റ്റിന് താഴെ കമന്റിട്ടത്. ജലമലിനീകരണം ഉണ്ടാക്കിക്കൊണ്ട് നദികളെ ആഘോഷിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ് എന്നാണ് ഒരു കമന്റ്. പ്രയാഗ്‌രാജിലെ അക്വാമാൻ എന്നും കമന്റുണ്ട്.

നേരത്തെ, കാൻപുർ ജില്ലയിലെ പ്രളയബാധിതപ്രദേശം സന്ദർശിക്കാനെത്തിയ ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദ് നടത്തിയ പരാമർശം വിവാദമായിരുന്നു. ഇത് പ്രളയമല്ല, മക്കളുടെ കാലുകഴുകി വൃത്തിയാക്കാൻ ഗംഗാമാതാവ് നേരിട്ട് എത്തിയതാണെന്നും ആ ദർശനം ലഭിച്ചാൽത്തന്നെ സ്വ‌ർഗത്തിൽ പോകാമെന്നും മന്ത്രി ദുരന്തബാധിതരോട് പറഞ്ഞു. ഈ വാക്കുകൾ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരോടുള്ള അനീതിയാണെന്ന് പ്രതിപക്ഷം വിമർശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News