InternationalNews

കൊടുങ്കാറ്റിനു ശേഷം പ്രളയം,ഡാം തകര്‍ന്നു, വിറങ്ങലിച്ച്‌ ലിബിയ; മരണം 2000 കടന്നു, പതിനായിരത്തോളം പേരെ കാണാനില്ല

ട്രിപ്പോളി: ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ച്‌ കിഴക്കന്‍ ലിബിയ. മരിച്ചവരുടെ എണ്ണം 2000 കടന്നു.

പതിനായിരത്തിലധികം പേരെ കാണാതായി. ഡെര്‍ന നഗരം കടലിലേക്ക് ഒലിച്ചുപോയി. നഗരത്തിലെ രണ്ട് ഡാമുകള്‍ തകര്‍ന്നതോടെയാണ് ഇത്രയും വലിയ നാശനഷ്ടമുണ്ടായത്.

“ഞാൻ ഡെര്‍നയില്‍ നിന്ന് തിരിച്ചെത്തി. വിനാശകരമാണ് സ്ഥിതി. മൃതദേഹങ്ങള്‍ എല്ലായിടത്തും കിടക്കുന്നു- കടലില്‍, താഴ്‌വരകളില്‍, കെട്ടിടങ്ങള്‍ക്കടിയില്‍”- സിവില്‍ ഏവിയേഷൻ മന്ത്രിയും എമര്‍ജൻസി കമ്മിറ്റി അംഗവുമായ ഹിചെം ച്‍കിയോട്ട് പറഞ്ഞു.

ഡെര്‍ന നഗരത്തിന്‍റെ കാല്‍ ഭാഗം ഇതിനകം ഒലിച്ചുപോയെന്നും മന്ത്രി പറഞ്ഞു. ഡെര്‍നയില്‍ അണക്കെട്ടുകള്‍ തകര്‍ന്നത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയെന്ന് ലിബിയ നാഷണല്‍ ആര്‍മി വക്താവ് അഹമ്മദ് മിസ്‌മാരി പറഞ്ഞു. ആളുകളും കെട്ടിടങ്ങളുമെല്ലാം ഒഴുകിപ്പോവുകയായിരുന്നു എന്ന് സേനാ വക്താവ് വിശദീകരിച്ചു. ഡെര്‍നയില്‍ മാത്രം 6000 പേരെ കാണാതായി.

ഡെര്‍ന പ്രേതനഗരമായി മാറിയെന്ന് നഗരത്തിലെത്തിയ സഞ്ചാരി അബ്ദുല്‍ ജലീല്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ഇപ്പോഴും പലയിടത്തും ഒഴുകിനടക്കുകയാണ്. പലരും കടലിലേക്ക് ഒലിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. ഡാനിയല്‍ കൊടുങ്കാറ്റിനു പിന്നാലെയാണ് ലിബിയയില്‍ പ്രളയമുണ്ടായത്. കഴിഞ്ഞ ആഴ്‌ച ഗ്രീസില്‍ ആഞ്ഞടിച്ച ശേഷമാണ് ഡാനിയല്‍ ലിബിയയില്‍ നാശം വിതച്ചത്.

മൊറോക്കോയില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,862 ആയി. 2562 പേര്‍ക്ക് പരിക്കേറ്റെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രക്ഷപ്പെട്ടവരില്‍ പലര്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ടു. നിരവധി പേര്‍ കിടപ്പാടം നഷ്ടപ്പെട്ട് ഭക്ഷണവും വെള്ളവുമില്ലാതെ തെരുവില്‍ കഴിയുകയാണ്.

സെപ്തംബര്‍ 8നാണ് കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റവും ശക്തിയേറിയ ഭൂകമ്ബം മൊറോക്കോയെ പിടിച്ചുകുലുക്കിയത്. മണ്ണ് കൊണ്ടും ഇഷ്ടിക കൊണ്ടും നിര്‍മിച്ച പരമ്ബരാഗത വീടുകളാണ് കൂടുതലും മണ്ണടിഞ്ഞത്. വിനാശകരമായ ഭൂകമ്ബങ്ങള്‍ അപൂര്‍വ്വമായ സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ വേണ്ടത്ര മുന്‍കരുതലോടെ നിര്‍മിക്കുന്നില്ലെന്നും ഇത് നാശനഷ്ടങ്ങളുടെ തീവ്രത കൂട്ടുന്നുവെന്നും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫസര്‍ ബില്‍ മക്ഗുയര്‍ അഭിപ്രായപ്പെട്ടു.

മറകേഷ് നഗരത്തിലെ തെക്കന്‍ മേഖലയിലും റാബത്തിലും പര്‍വത മേഖലകളിലെ ഗ്രാമങ്ങളിലുമാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. ചരിത്ര സ്മാരകങ്ങളും പൌരാണിക നഗരങ്ങളും നിലംപൊത്തി. പല ഗ്രാമങ്ങളും ഇല്ലാതായി. മറകേഷ് നഗരത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്‍ലാന്‍റിസ് മലനിരകളാണ് ഭൂകമ്ബത്തിന്‍റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്ബമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തി. മൊറോക്കോയില്‍ 1960ല്‍ 12000 പേരുടെ ജീവൻ നഷ്ടമായ ഭൂകമ്ബത്തിനു ശേഷമുള്ള ഏറ്റവും വിനാശകരമായ ഭൂചലനമാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker