എടത്വ: കിഴക്കന്‍ വെള്ളത്തിന്റെ വരവു ശക്തമായതോടെ അപ്പര്‍കുട്ടനാട് വെള്ളത്തിനടിയിലായി. നിരവധി വീടുകളും റോഡുകളും വെള്ളത്തിലായി. അപ്പര്‍ കുട്ടനാട് പ്രളയഭീതിയിലാണ്. പെരുമഴയിലും കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കിലും അപ്പര്‍ കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതാണ് പ്രളയഭീതി ഇരട്ടിച്ചത്.
ജലനിരപ്പ് അപകട നിലയിലാണ് ഉയരുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ജനങ്ങളെ ക്യാമ്പുകളിലേക്കു മാറ്റി പാര്‍പ്പിക്കാന്‍ തുടങ്ങി. ജനപ്രതിനിധികളും ഫയര്‍ഫോഴ്സും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം ഏ റ്റെടുത്തു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിലാണ്. ഗ്രാമീണ മേഖലകള്‍ ഒറ്റപ്പെട്ട അവസ്ഥയാണ്.
തിരുവല്ലാ-അമ്പലപ്പുഴ സംസ്ഥാന പാതിയില്‍ നെടുമ്പ്രത്ത് റോഡില്‍ വെള്ളം കയറി. നീരേറ്റുപുറം-കിടങ്ങറ, എടത്വ-മാമ്പുഴക്കരി, എടത്വ-വേഴപ്രാ, എന്നീ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. പമ്പാനദിയിലേയും മണിമലയാറ്റിലേയും ജലനിരപ്പ് അപകട നിലയില്‍ ഉയരുന്നു. 24 മണിക്കൂറിനുള്ളില്‍ നദികളിലെ ജലനിരപ്പ് രണ്ടുമീറ്ററോളം ഉയര്‍ന്നിട്ടുണ്ട്. പ്രാദേശിക തോടുകളും ഇടത്തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്.
നെടുമ്പ്രം, നിരണം, മുട്ടാര്‍, തലവടി, എടത്വ, വീയപുരം, തകഴി പഞ്ചായത്തുകളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. തലവടി കുതിരച്ചാല്‍ പുതുവല്‍ കോളനിയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്കു മാറ്റി. അപ്പര്‍ കുട്ടനാട്ടില്‍ ആദ്യം വെള്ളത്തില്‍ മുങ്ങുന്ന പ്രദേശമാണ് കുതിരച്ചാല്‍ കോളനി. തലവടി പഞ്ചായത്തിലെ ഒട്ടുമിക്ക വാര്‍ഡുകളിലും ഇതേ അവസ്ഥയാണ് നിലനില്‍ക്കുന്നത്.
വീടുകളില്‍ നിന്നും വ്യദ്ധരേയും സ്ത്രീകളേയും കുട്ടികളേയും വള്ളങ്ങളിലും ചെങ്ങാടങ്ങളിലും ഉയര്‍ന്ന സ്ഥലത്തേയ്ക്ക് മാറ്റി. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. തലവടി, മുട്ടാര്‍, വീയപുരം, എടത്വ പഞ്ചായത്തുകളില്‍ നിരവധി ക്യാമ്പുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ പനിയുള്ളവരെ പ്രത്യേകം സ്ഥലങ്ങളില്‍ പാര്‍പ്പിക്കാനാണ് തീരുമാനം. നെല്‍കര്‍ഷകരും ആശങ്കയിലാണ്. മഴ അല്പം ശമിച്ചെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവു നിലച്ചില്ല. മരിയാപുരം പോച്ച റോഡിലെ എംപി പാലത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞ അവസ്ഥയിലാണ്.