താനൂര്‍: ഒരുമിച്ചിരുന്ന സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ആവില്‍ ബീച്ച് സ്വദേശി കെപി ജൈസല്‍ അറസ്റ്റില്‍. 2018ലെ പ്രളയകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട രക്ഷാപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് ജൈസല്‍. വേങ്ങരയ്ക്കടുത്ത് പ്രളയ ജലം നിറഞ്ഞ വേളയില്‍ സ്ത്രീകള്‍ക്ക് മുതുകില്‍ ചവിട്ടി തോണിയിലേക്ക് കയറാന്‍ സഹായിക്കുന്ന ജൈസലിന്റെ ചിത്രം വൈറലായിരുന്നു. ഒട്ടേറെ പേര്‍ സമ്മാനങ്ങളും മറ്റും നല്‍കി ജൈസലിനെ ആദരിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൈസല്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.
ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ ഒരുമിച്ചിരുന്ന യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടി എന്ന കേസില്‍ പ്രതിയായി. ഒരു വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ജൈസലിന്റെ അറസ്റ്റ് താനൂര്‍ പോലീസ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ പ്രതിയെ ഹാജരാക്കുമെന്ന് താനൂര്‍ എസ്‌ഐ പറഞ്ഞു. ജാമ്യം ലഭിക്കാനിടയില്ല. പ്രതിയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് എസ്‌ഐ പറഞ്ഞു. വൈകാതെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.
കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. പ്രതിയെ തിരിച്ചറിയുന്നതിന് പരാതിക്കാരെ വിളിപ്പിക്കും. കേസില്‍ പ്രതിയായതോടെ ട്രോമകെയര്‍ സന്നദ്ധ സംഘടനയില്‍ നിന്ന് ജൈസലിനെ പുറത്താക്കിയിരുന്നു. ട്രോമകെയര്‍ സന്നദ്ധ സേവനത്തിന്റെ ഭാഗമായി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് പ്രളയകാലത്ത് ജൈസലിനെ ജനകീയനാക്കിയത്.
2021 ഏപ്രില്‍ 15നാണ് ഒട്ടുംപുറത്ത് വച്ചാണ് കേസിന് ആസ്പദമായ സംഭവം. സദാചാര പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. കാറിലിരിക്കുന്ന യുവതിയുടെയും യുവാവിന്റെ ചിത്രവും വീഡിയോയും പ്രതി പകര്‍ത്തിയിരുന്നുവത്രെ. ശേഷമാണ് പണം ആവശ്യപ്പെട്ടത്. പണം നല്‍കിയാല്‍ വിട്ടയക്കാമെന്നും അല്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാര്‍ പറയുന്നു.
ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. വിട്ടയക്കാതെ വന്നപ്പോള്‍ 5000 രൂപ യുവാവ് ഗൂഗിള്‍ പേ വഴി കൈമാറുകയും പ്രതിയില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. ശേഷം താനൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി മുങ്ങി. കൊല്ലം, കോഴിക്കോട്, മംഗലാപൂരം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു.
താനൂര്‍ ഒട്ടുംപുറം ബീച്ചില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ആരോപണം. കമിതാക്കളുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകര്‍ത്തിയ ശേഷമാണ് ഭീഷണിപ്പെടുത്തല്‍. പണം തന്നില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും വീട്ടുകാരെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് പതിവ്.