നിലമ്പൂര്‍: കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കം. ചാലിയാര്‍ കരവിഞ്ഞതോടെ നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. നിലമ്പൂര്‍ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍ പൊക്കത്തിലാണ് വെള്ളമുയര്‍ന്നിരിക്കുന്നത്. ടൗണിലെ കെട്ടിടങ്ങളുടെ ഒന്നാംനില വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കടകളില്‍ വെളളം കയറിയതോടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. എടവണ്ണപ്പാറ, അരീക്കോട് ,വാഴക്കാട് മേഖലകളിലും വീടുകളില്‍ വെളളം കയറി.
ബുധനാഴ്ച രാത്രി മുതല്‍ നിലമ്പൂരിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. വീടുകളില്‍ വെള്ളം കയറിയതോടെ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കരുളായി വനത്തിലും പരിസരങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. നെടുങ്കയം, മുണ്ടക്കടവ് കോളനികളില്‍ നൂറിലധികം പേരാണ് കുടുങ്ങിക്കിടന്നത്. ഇവരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.