വഡോദര: കനത്ത മഴയെ തുടര്‍ന്ന് വീടിനുള്ളില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട അമ്മയേയും ഒന്നര വയസുകാരിയേയും അതിസാഹസികമായി രക്ഷിച്ച പോലീസുകാരന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. കഴുത്തൊപ്പം വെള്ളത്തില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഇരുത്തിയാണ് ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ തലയിലേറ്റി ഗുജറാത്തിലെ വഡോദരയിലെ ഒരു സബ് ഇന്‍സ്പെക്ടര്‍ ഗോവിന്ദ് ഛവ്ഡ കരക്കെത്തിച്ചത്. തന്റെ ജീവന്‍ പോലും മറന്ന് ആ പിഞ്ചു കുഞ്ഞിനെ രക്ഷിച്ച പോലീസുകാരന് അഭിനന്ദപ്രവാഹമാണ്.
വിശ്വമിത്രി റെയില്‍വേ സ്റ്റേഷന് സമീപത്തെ ദേവീപുര എന്ന സ്ഥലത്താണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുന്നതിനിടെയാണ് ഗോവിന്ദ് ചെറിയ കുട്ടിയും അമ്മയും വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഗോവിന്ദ് കുട്ടിയെ ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ കിടത്തി കയറില്‍ പിടിച്ച് സാഹസികമായി അക്കരയ്ക്ക് എത്തിക്കുകയായിരുന്നു.
പ്ലാസ്റ്റിക് പാത്രത്തില്‍ തുണികള്‍ വെച്ചാണ് കുഞ്ഞിനെ കിടത്തിയത്. അഞ്ചടി താഴ്ചയില്‍ ഏകദേശം ഒന്നര കിലോമീറ്റര്‍ നടന്നാണ് കുഞ്ഞിനെയും അമ്മയെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതെന്ന് ഗോവിന്ദ് ഛവ്ഡ പറയുന്നു.