ന്യൂഡൽഹി: രക്ഷാദൗത്യത്തിന്റെ ഭാഗമായി യുക്രെയ്നിൽനിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം മുംബൈയിലെത്തി. റുമാനിയയിലെ ബുക്കാറെസ്റ്റിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് രാത്രി മുംബൈയിൽ ലാൻഡ് ചെയ്തത്. 27 മലയാളികൾ ഉൾപ്പെടെ 219 പേരാണ് വിമാനത്തിലുള്ളത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വിമാനത്താവളത്തിൽ എത്തി സംഘത്തെ സ്വീകരിച്ചു.
യുക്രെയ്നിൽനിന്നെത്തുന്ന ഇന്ത്യക്കാർക്ക് പുറത്തിറങ്ങാൻ മുംബൈയില്‍ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. വാക്സീൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കു സൗജന്യ കോവിഡ് പരിശോധന നടത്തും. വിവരങ്ങൾ തൽസമയം അറിയിക്കാൻ വാട്സാപ് ഗ്രൂപ്പും തയാറാക്കിയിട്ടുണ്ട്.
റുമാനിയയിൽനിന്നുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലർച്ചെ രണ്ടിന് ഡൽഹിയിലെത്തും. ഇതിൽ 17 മലയാളികളാണുള്ളത്. സംഘത്തിൽ വിദ്യാർഥികൾക്കൊപ്പം യുക്രെയ്നിൽ കുടുങ്ങിയ മറ്റുള്ളവരുമുണ്ട്.