തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ പോളി വിനൈല്‍ ക്ലോറൈഡ് (പി.വി.സി) ഉപയോഗിച്ചുള്ള ഫ്ലക്സ് നിരോധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്. സര്‍ക്കാര്‍ പരിപാടികള്‍, സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സിനിമാ പ്രചാരണം, പരസ്യം ഉള്‍പ്പെടെ യാതൊരുവിധ പ്രചാരണത്തിനും ഇനി പി.വി.സി ഫ്ലക്സുകൾ ഉപയോഗിക്കാൻ കഴിയില്ല. പകരം തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണം.
സ്റ്റിക് കോട്ടിംഗ് ഉള്ള തുണി ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം വസ്തുക്കളില്‍ അച്ചടിക്കുമ്പോള്‍ ‘റീസൈക്ലബിള്‍ ആന്‍ഡ് പി.വി.സി ഫ്രീ’ എന്ന് നിർബന്ധമായും രേഖപ്പെടുത്തണം. കൂടാതെ ഉപയോഗം അവസാനിക്കുന്ന തീയതി, അച്ചടിശാലയുടെ പേര്, പ്രിന്റിംഗ് നമ്പര്‍ എന്നിവയും ഉണ്ടാകണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ബോര്‍ഡ്-ബാനറുകള്‍ നീക്കം ചെയ്യാത്തവരില്‍നിന്നും പിഴ ഈടാക്കും.