ടൊറന്റോ: പറന്നുയര്‍ന്നയുടന്‍ ബോയിങ് വിമാനത്തിന്റെ എന്‍ജിനില്‍ തീപ്പിടുത്തം. വെള്ളിയാഴ്ച ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ കാനഡ വിമാനത്തിന്റെ എന്‍ജിനാണ് തീപ്പിടിച്ചത്. പാരീസിലേക്ക് പുറപ്പെട്ട എയര്‍ കാനഡയുടെ ബോയിങ് 777 വൈഡ് ബോഡി വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തീപ്പിടിക്കുകയായിരുന്നു.
389 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപ്പെടല്‍ മൂലം വന്‍ അപകടം ഒഴിവായി. വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരുമ്പോള്‍, വിമാനത്തിന്റെ വലത് എന്‍ജിനില്‍ നിന്ന് സ്‌ഫോടന സാധ്യത തോന്നിപ്പിക്കുന്ന തരത്തില്‍ തീപ്പൊരി ഉണ്ടയത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എ.ടി.സി)യില്‍ കാണുകയും ഉടന്‍ തന്നെ ജീവനക്കാരെ അറിയിക്കുകയുമായിരുന്നു.
വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചതിന്റെ വീഡിയോ ബഹിരാകാശയാത്രികന്‍ ക്രിസ് ഹാഡ്ഫീല്‍ഡ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. പൈലറ്റുമാരുടെയും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെയും മികച്ച പ്രവര്‍ത്തനമെന്നും അദ്ദേഹം കുറിച്ചു.
Superb work by the pilots and their air traffic controllers, dealing with a backfiring engine on takeoff. Heavy plane full of fuel, low cloud thunderstorms, repeated compressor stalls. Calm, competent, professional – well done!
— Chris Hadfield (@Cmdr_Hadfield) June 7, 2024
Details: https://t.co/VaJeEdpzcn @AirCanada pic.twitter.com/7aOHyFsR29
യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ എടിസിയുമായി പൈലറ്റിന്റെ ആശയവിനിമയത്തിന്റെ റെക്കോര്‍ഡിങും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പുകയും തീയും പടരുന്നതായി എയര്‍ കാനഡ പൈലറ്റുമാര്‍ അറിയിച്ചപ്പോള്‍ വിമാനം നിലത്ത് നിന്ന് 1000 അടി ഉയരത്തിലായിരുന്നുവെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. പിന്നീട് പൈലറ്റുമാര്‍ വിമാനം വിദഗ്ധമായി തിരിച്ച് ടൊറന്റോയിലേക്ക് മടങ്ങി. അപകടത്തില്‍പ്പെട്ട വിമാനത്തിന് ഇറങ്ങാന്‍ എ.ടി.സി റണ്‍വേ 23 ഒഴിപ്പിക്കുയും സഹായത്തിനായി അഗ്‌നിശമന വാഹനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
കംപ്രസര്‍ നിലച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് എയര്‍ കാനഡ പ്രസ്താവനയില്‍ വ്യക്തമാക്കി. വൈകുന്നേരം തന്നെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചതായും എയര്‍ കാനഡ അറിയിച്ചു.
Update on flight AC872 from June 5: pic.twitter.com/lkruMaM7KH
— Air Canada (@AirCanada) June 7, 2024