ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഉജ്വല വിജയം നേടി ബിജെപി. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി മുന്നിലുള്ളത്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയാണ് വിജയിച്ചത്.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്രമെഴുതിക്കൊണ്ട് ഭരണത്തുടര്‍ന്ന സ്വന്തമാക്കി. 266 ഇടത്താണ് ബിജെപി യുപിയില്‍ മുന്നേറുന്നത്. എസ്പി 132 സീറ്റിലും, കോണ്‍ഗ്രസ് രണ്ടിടത്തും മുന്നേറുകയാണ്. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡില്‍ 47 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. 40 സീറ്റുകളുള്ള ഗോവയില്‍ ബിജെപിക്ക് ഇരുപതിടത്താണ് ലീഡ്. കോണ്‍ഗ്രസ് 12 ഇടത്താണ് ലീഡ് നിലനിര്‍ത്തുന്നത്. ആം ആദ്മി രണ്ടിടത്തും മുന്നേറുന്നു. അറുപത് സീറ്റുള്ള മണിപ്പൂരില്‍ ബിജെപി 28 ഇടത്ത് മുന്നേറുകയാണ്. കോണ്‍ഗ്രസ് 9 ഇടത്തും ലീഡ് നിലനിര്‍ത്തി.
പഞ്ചാബില്‍ 92 ഇടത്ത് ലീഡ് നിലനിര്‍ത്തി ആം ആദ്മി വലിയ ആധിപത്യം നേടി. കോണ്‍ഗ്രസ് 18 ഇടത്തും, ബിജെപി രണ്ടിടത്തും, ശിരോമണി അകാലിദള്‍ നാലിടത്തും ലീഡ് പിടിച്ചു. കോണ്‍ഗ്രസിന്റെ പരമ്പരാഗത കേന്ദ്രങ്ങളിലെല്ലാം ബിജെപിയുടെ തേരോട്ടമാണ് നടന്നത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. റായ്ബറേലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അദിതി സിംഗാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ മനീഷ് ചൗഹാന്‍ മണ്ഡലത്തില്‍ പിന്നിലാണ്.
1952 മുതല്‍ കോണ്‍ഗ്രസിനെ തുണച്ച റായ്ബറേലി മണ്ഡലം 1996-1998 ല്‍ മാത്രമാണ് ബിജെപിയെ തുണച്ചത്. അന്ന് അശോക് സിംഗാണ് റായ്ബറേലിയില്‍ നിന്ന് വിജയിച്ചത്. എന്നാല്‍ 2022ല്‍ വീണ്ടും ബിജെപിയെ തുണയ്ക്കുന്ന കാഴ്ചയാണ് റായ്ബറേലി മണ്ഡലത്തില്‍ കാണുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന അഖിലേഷ് സിംഗിന്റെ മകളാണ് റായ്ബറേലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അദിതി സിംഗ്. 2007 ലും 2012 ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ റായ്ബറേലിയില്‍ നിന്ന് മത്സരിച്ച് ജയിച്ച വ്യക്തിയാണ് അഖിലേഷ് സിംഗ്.
2017 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അദിതി സിംഗ് 1,28,319 വോട്ടുകള്‍ക്കാണ് അന്ന് റായ്ബറേലിയില്‍ നിന്ന് വിജയിച്ചത്. തൊട്ടടുട്ട തെരഞ്ഞെടുപ്പില്‍ എതിര്‍പാര്‍ട്ടിക്ക് വേണ്ടി അതേ മണ്ഡലത്തില്‍ നിന്ന് തന്നെയാണ് അദിതി സിംഗ് ജനവിധി തേടുന്നത്. 2021 നവംബര്‍ 25നാണ് അദിതി ബിജെപിയില്‍ ചേരുന്നത്. കര്‍ഷക സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മണ്ഡലങ്ങളിലും ബിജെപിക്ക് കാലിടറിയില്ല എന്നത് അമ്പരപ്പിക്കുന്നതാണ്.