CrimeKeralaNews

തട്ടുകടയ്ക്ക് പിഴ, ഇന്ന് തുറക്കാൻ തീരുമാനിച്ചു; കൂട്ടമരണം വീട്ടിലുള്ള അമ്മ പോലും അറിഞ്ഞില്ല

തിരുവനന്തപുരം: ആലങ്കോട് ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ്. അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും റൂറല്‍ എസ്.പി. ദിവ്യാ ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഗൃഹനാഥന്റെ മൃതദേഹം തൂങ്ങിനില്‍ക്കുന്നനിലയിലായിരുന്നു. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കട്ടിലിലും നിലത്തുമായിരുന്നു. വീട്ടില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും എസ്.പി. പറഞ്ഞു.

ചാത്തന്‍പാറ ജങ്ഷനില്‍ തട്ടുകട നടത്തുന്ന മണിക്കുട്ടന്‍(52) ഭാര്യ സന്ധ്യ, മക്കളായ അജീഷ്(15) അമേയ (13) മണിക്കുട്ടന്റെ മാതൃസഹോദരി ദേവകി എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മണിക്കുട്ടനെ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയിലുമാണ് കണ്ടത്. മണിക്കുട്ടന്റെ അമ്മ വീടിന്റെ പുറത്തെ മുറിയിലുണ്ടായിരുന്നെങ്കിലും ഇവര്‍ സംഭവം അറിഞ്ഞിരുന്നില്ല.

രാവിലെ തട്ടുകടയിലെ ജോലിക്കാരനായ ഷംനാദ് മണിക്കുട്ടന്റെ വീട്ടിലെത്തിയിരുന്നു. കടയുടെ താക്കോല്‍ വാങ്ങാനാണ് ഇവര്‍ വന്നത്. പുറത്തെ മുറിയിലായിരുന്ന അമ്മയാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുനല്‍കിയത്. തുടര്‍ന്ന് അമ്മ അകത്തെ മുറിയില്‍ച്ചെന്ന് മണിക്കുട്ടനെ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഇതോടെ ജോലിക്കാരനും മണിക്കുട്ടന്റെ ജ്യേഷ്ഠന്റെ മകനും വീടിനകത്തുകടന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചു. അപ്പോഴാണ് മണിക്കുട്ടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ചൊവ്വാഴ്ച തട്ടുകടയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനയ്‌ക്കെത്തിയെന്നും കട അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും ജോലിക്കാരനായ ഷംനാദ് പറഞ്ഞു. ‘കട വൃത്തിയാക്കിയിട്ട് തുറന്നാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്. പിഴയും ചുമത്തി. തിരുവനന്തപുരത്ത് പോയി എല്ലാം ശരിയാക്കിയെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. പിഴയും അടച്ചിരുന്നു. ഇന്ന് രാവിലെ കട തുറക്കാന്‍ തീരുമാനിച്ചിരുന്നതാണ്. രാവിലെ താക്കോല്‍ വാങ്ങാന്‍ വന്നപ്പോള്‍ അമ്മയാണ് കതക് തുറന്നത്. മണിക്കുട്ടനെ വിളിച്ചിട്ട് കതക് തുറന്നില്ല. തുടര്‍ന്ന് കതക് ചവിട്ടിത്തുറന്നപ്പോള്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഇതോടെ കതകടച്ചു അമ്മയെ സമീപത്തെ ബന്ധുവീട്ടിലേക്ക് മാറ്റി’- ഷംനാദ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker