ന്യൂഡൽഹി:: 2024 പൊതുതെരഞ്ഞെടുപ്പിന് രണ്ട് വർഷം മാത്രം അവശേഷിക്കെ കൂടുതൽ പ്രതിസന്ധിയിലായി കോൺഗ്രസ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് പാർട്ടിയെ ശക്തിപ്പെടുത്താൻ ഉദയ്പുരിൽ നടത്തിയ ചിന്തൻ ശിബിറിന്റെ അലയൊലികൾ അടങ്ങും മുമ്പേ അഞ്ച് മുൻനിര നേതാക്കളാണ് പാർട്ടിവിട്ടത്. ഗുജറാത്തിൽ കോൺഗ്രസിന് ഏറെ ഗുണം ചെയ്യുമെന്ന് കരുതിയ പാട്ടീദാർ നേതാവ് ഹർദിക് പട്ടേൽ, മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കപിൽ സിബൽ തുടങ്ങിയ വമ്പന്മാരുടെ കൊഴിഞ്ഞുപോക്ക് പാർട്ടിയെ ഇരുത്തി ചിന്തിപ്പിക്കും എന്നതിൽ സംശയമില്ല.
നെഹ്റു കുടുംബാധിപത്യത്തിനെതിരെയുള്ള അലയൊലികൾ കോൺഗ്രസിൽ മുമ്പേ തുടങ്ങിയിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഫലമാണ് കപിൽ സിബലിന്റെ പാർട്ടിവിടൽ. പാർട്ടിയിൽ സോണിയാഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഇവരുടെ ആശ്രിതർ എന്നിവർക്ക് ലഭിക്കുന്ന അപ്രമാദിത്തത്തിൽ ജി-23 നേതാക്കൾ അസംതൃപ്തരാണ്. പാർട്ടിയിൽ സമൂലമായ മാറ്റവും സംഘടനാപരമായ പുതുക്കലും ആവശ്യമാണെന്ന് ഇവർ ആവർത്തിച്ചെങ്കിലും ചിന്തൻ ശിബിറിലും പ്രതീക്ഷകളൊന്നുമുണ്ടായില്ല.
ഹർദിക് പട്ടേൽ
പഞ്ചാബ് തെരഞ്ഞെടുപ്പിൽ അധികാരത്തിലുണ്ടായിരുന്ന പാർട്ടിയുടെ കനത്ത തോൽവിയെ തുടർന്ന് ദേശീയ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുണ്ടായിരുന്നു. ജി-23 നേതാക്കളിൽ പ്രമുഖനായിരുന്നു കപിൽ സിബൽ. നേരത്തെയും സിബൽ പാർട്ടിക്കെതിരെ പല വേദികളിൽ കടുത്ത വിമർശനമുന്നയിച്ചിരുന്നു. കപിൽ സിബലിന്റെ രാജിയോട് ജി-23 നേതാക്കൾ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്. ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സിബൽ രാജിവെച്ചത്.
സുനിൽ ജഖർ
പഞ്ചാബിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ജാഖറാണ് പാർട്ടി വിട്ടത്. ഉദയ്പുരിൽ ചിന്തൻ ശിബിർ നടക്കുന്നതിനിടെയായിരുന്നു ജഖറിന്റെ രാജി. അദ്ദേഹം ബിജെപിയിൽ ചേരുകയും ചെയ്തു. പഞ്ചാബിൽ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യമായിരുന്നു ജഖർ. അമരീന്ദർ സിങ്ങിന്റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ ജഖർ പരിഗണിക്കപ്പെട്ടു. എന്നാൽ ദളിത് മുഖമെന്ന ഗാന്ധി കുടുംബത്തിന്റെ നിർബന്ധത്തിൽ ചരൺജിത് സിങ് ഛന്നിക്ക് നറുക്ക് വീണു. തന്നെ തഴഞ്ഞത് ജഖറിനെ ചൊടിപ്പിച്ചു. പരസ്യപ്രതികരണത്തിന് മുതിർന്ന ജഖറിനെ അച്ചടക്കലംഘനത്തിന് നടപടിയെടുത്താണ് കോൺഗ്രസ് ഒതുക്കിയത്. പിന്നീട് അദ്ദേഹം രണ്ടാം നിര നേതാവായി താഴ്ത്തപ്പെട്ടു. കോൺഗ്രസിനകത്തെ പടലപ്പിണക്കങ്ങൾ അദ്ദേഹത്തിന്റെ രാജിയിലാണ് അവസാനിച്ചത്.
ഹർദിക് പട്ടേൽ
ഗുജറാത്തിൽ ഏറെ കൊട്ടിഘോഷിച്ച രാഷ്ട്രീയ കൂടുമാറ്റമായിരുന്നു ഹർദിക് പട്ടേലിന്റേത്. സംവരണ സമരത്തിന് നേതൃത്വം നൽകിയ ഹർദിക് പട്ടേലിന്റെ വരവ് പട്ടേൽ വോട്ടുകൾ കോൺഗ്രസിലേക്ക് കൊണ്ടുവരുമെന്ന് ഏറെ പ്രതീക്ഷിച്ചു. എന്നാൽ കോൺഗ്രസിൽ തുടർന്ന് പോകാൻ ഹർദിക് പട്ടേലിനായില്ല. പാർട്ടി തനിക്ക് നിർണായക സ്ഥാനങ്ങൾ നൽകുന്നില്ലെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ ഹർദിക് പട്ടേൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കോൺഗ്രസ് ചെവിക്കൊണ്ടില്ല. സംസ്ഥാന നേതൃത്വവുമായുള്ള നിരന്തര കലഹത്തിനൊടുവിൽ, ചിന്തൻ ശിബിറിന്റെ ചൂടാറും മുമ്പ് ഹർദിക് പട്ടേലും പാർട്ടി വിട്ടു. ദില്ലിയിലെ നേതാക്കൾക്ക് ചിക്കൻ സാൻഡ്വിച്ച് നൽകുന്നതിൽ മാത്രമാണ് സംസ്ഥാന നേതാക്കളുടെ ശ്രദ്ധയെന്നും അദ്ദേഹം വിമർശിച്ചു. ഹർദിക് പട്ടേൽ ബിജെപി പാളയത്തിലേക്ക് പോകുമെന്നാണ് അഭ്യൂഹം.
മുൻ നിയമമന്ത്രിയായിരുന്ന അശ്വനി കുമാർ ഫെബ്രുവരിയിൽ പാർട്ടി വിട്ടിരുന്നു. നാല് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് പാർട്ടി പ്രവർത്തനത്തിന് ശേഷമാണ് മുതിർന്ന നേതാവായ അശ്വനി കുമാർ പാർട്ടി വിട്ടത്. കോൺഗ്രസ് വിടുന്നത് തന്റെ അന്തസ്സിനു യോജിച്ചതാണെന്ന് സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ താഴേക്കുള്ള വളർച്ച മാത്രമേ തനിക്ക് കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മുൻ കേന്ദ്രമന്ത്രി ആർപിഎൻ സിംഗ് ബിജെപിയിലേക്ക് ചേക്കേറിയത്. 32 വർഷം താൻ കോൺഗ്രസിലുണ്ടായിരുന്നെന്നും പാർട്ടി ഇപ്പോൾ പഴയത് പോലെയല്ലെന്നും അദ്ദേഹം രാജിസമയത്ത് മാധ്യമങ്ങളോട് പറഞ്ഞു. യുപിയിലെ മറ്റൊരു പ്രമുഖ നേതാവ് ജിതിൻ പ്രസാദ കഴിഞ്ഞ വർഷം ബിജെപിയിലേക്ക് മാറിയതിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി. മധ്യപ്രദേശിൽ കമൽനാഥുമായുള്ള പടലപ്പിണക്കങ്ങൾ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയിലും ബിജെപിയിലേക്കുള്ള കൂടുമാറ്റത്തിലുമാണ് അവസാനിച്ചത്.
രാജസ്ഥാനിലെയും ആഭ്യന്തര പ്രശ്നങ്ങൾ കോൺഗ്രസിന് തലവേദനയാകും. അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണുവെച്ചിരിക്കുന്ന നേതാവാണ് സച്ചിൻ പൈലറ്റ്. എന്നാൽ അശോക് ഗോലോട്ട് കടുകിട വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന സൂചനയാണ് നൽകുന്നത്. ഇരുവരുടെയും അഭിപ്രായ വ്യത്യാസം തെരഞ്ഞെടുപ്പിലെ പ്രകടനത്തെ ബാധിക്കാതിരിക്കാനാണ് പാർട്ടിയുടെ ഇപ്പോഴത്തെ ശ്രദ്ധ.