കോഴിക്കോട്: കെഎസ്‌ആർടിസി ബസ് സ്‌റ്റാന്റിലെ തൂണുകൾക്കിടയിൽ പെട്ടുപോയ സ്വിഫ്‌റ്റ് ബസ് ഒടുവിൽ പുറത്തിറക്കി. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഒരു തൂണിൽ തളളിനിന്ന ഇരുമ്പ് വലയം അറുത്ത് മാറ്റിയാണ് ബസ് പുറത്തെത്തിച്ചത്. ബംഗളൂരുവിൽ നിന്നും എത്തിച്ച ബസ് ആണ് കുടുങ്ങിയത്.
തൂണുകളുടെ അകലം കണക്കാക്കാൻ കഴിയാതെ പാർക്ക് ചെയ്ത ഡ്രൈവറുടെ പരിചയക്കുറവ് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കരുതുന്നത്. ബസ് പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചതോടെ കൂടുതൽ ജാമാവുകയായിരുന്നു. ജീവനക്കാർ തളളിനോക്കിയിട്ടും ബസ് പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
ബസിന്റെ ചില്ലുകൾ തകർത്തോ, തൂണുകളുടെ വശങ്ങൾ പൊളിച്ചോ മാത്രമേ ബസ് പുറത്തെടുക്കാനാവൂ എന്നതായിരുന്നു അവസ്ഥ. തുടർന്ന് തൂണിലെ വളയം അറുത്ത് മാറ്റി ബസ് പുറത്തെത്തിക്കുകയായിരുന്നു. കോഴിക്കോട് ബസ് സ്‌റ്റാൻഡ് നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് മുൻപും വാർത്തയുണ്ടായിരുന്നു. സാധാരണ കെഎസ്‌ആർടിസി ബസുകൾ വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ പാർക്ക് ചെയ്യുന്നത്.
ബസുകൾ നിറുത്തിയിടുന്ന സ്ഥലത്തെ തൂണുകൾ നിർമ്മിച്ചത് കൃത്യമായ അകലം കണക്കാക്കാതെയാണെന്ന് മുൻപ് തന്നെ വ്യാപക ആക്ഷേപമുണ്ടായിരുന്നു. കോടികളാണ് കെട്ടിട നിർമ്മാണത്തിനുവേണ്ടി ചെലവാക്കിയത്. നിർമാണത്തിലെ അപാകത സംബന്ധിച്ച് വിജിലൻസ് അന്വേഷണവും നടക്കുകയാണ്. ജാമായ ബസിന് പകരം മറ്റൊരു ബസ് വരുത്തി യാത്രക്കാരെ അതിൽ കയറ്റി സർവീസ് തുടർന്നു.