കൊച്ചി:കാനകളില്‍ വെളളമൊഴുക്ക് തടസ്സപ്പെടുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയ 5 ഹോട്ടലുകള്‍ അടച്ചുപൂട്ടുവാന്‍ നഗരസഭ ഉത്തരവായി. മുന്നറിയിപ്പ് നല്‍കിയിട്ടും നിയമം ലംഘിച്ചതായി കണ്ടെത്തിയ എം.ജി. റോഡിലെ 5 ഹോട്ടലുകളാണ് അടച്ചു പൂട്ടുവാന്‍ തീരുമാനമായത്. ഈ ഭാഗങ്ങളിലെ കാനകളില്‍ മാലിന്യം കട്ടപിടിച്ച് ഖരാവസ്ഥയിലാണ് കാണപ്പെട്ടത്.
തുലാമാസത്തിലെ മഴ കണക്കിലെടുത്ത് അടിയന്തിരമായി ഇടപെടുന്നതിനും നഗരസഭയില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിനായി കോര്‍പ്പറേഷന്‍ എഞ്ചിനീയറിംഗ്, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുളള സ്ക്വാഡുകള്‍ക്ക് രൂപം നല്‍കി. വ്യാപാര സ്ഥാപനങ്ങളിലും, വീടുകളിലും വെളളം കയറുവാനുളള സാദ്ധ്യത മുന്നില്‍ കണ്ട് വെളളം പമ്പ് ചെയ്ത് കളയാവുന്ന വിധത്തില്‍ മോട്ടോറുകള്‍ സജ്ജമാക്കുമെന്ന് മേയർ അറിയിച്ചു
ആവശ്യത്തിന് ജോലിക്കാരുള്‍പ്പെടെ രാത്രികാലങ്ങളിലും
സ്ക്വാഡുകള്‍ സജീവമായിരിക്കും.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എം.ജി. റോഡിലെ കാനകളില്‍ തുടര്‍ച്ചയായ ക്ലീനിംഗ് നടത്തുവാനും തീരുമാനമായി.
നേരത്തെ എം.ജി. റോഡില്‍ വെളളക്കെട്ടിന്‍റെ കാരണം കണ്ടെത്തുന്നതിനായി നഗരസഭയുടെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി., സി.എസ്.എം.എല്‍., കെ.എം.ആര്‍.എല്‍., ബി.എസ്.എന്‍.എല്‍., കെ.എസ്.ഇ.ബി. എന്നീ വകുപ്പുകളിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ച് കാനകളിലെ സ്ലാബ് ഉയര്‍ത്തി ചെളിനീക്കം ചെയ്ത് പരിശോധന നടത്തിയിരുന്നു. കാനയുടെ ബെഡ് ലെവല്‍ (അടിഭാഗത്തെ നിരപ്പ്) പരിശോധിച്ചതില്‍ എം.ജി. റോഡില്‍ വെളളമൊഴുക്കിന് തടസ്സമായി പത്മ ജംഗ്ഷന്‍ മുതല്‍ ഇരുവശങ്ങളിലേക്കും ചെരിവുളളതായായി കാണപ്പെട്ടു. എം.ജി റോഡിലെ വെളളം പോകുന്നതിനായി പണിതീര്‍ത്ത ബാനര്‍ജി റോഡിലെ കാന വലുപ്പമുളളതാണെങ്കിലും നിലവില്‍ ആ കാനയില്‍ നിന്നുളള വെളളം പുറന്തളളുന്ന മാര്‍ക്കറ്റ് കനാല്‍ വരെ 15 സെന്‍റിമീറ്റര്‍ മാത്രമാണ് ചെരിവ് കാണുന്നത്. ഇതും കാനയിലൂടെയുളള ഒഴുക്കിന് തടസ്സമാണ്. ആയതിനാല്‍ എം.ജി. റോഡിലെ കാനകള്‍ക്കായി ഒരു ഡിസൈന്‍ തയ്യാറാക്കി പി.ഡബ്ല്യു.ഡി. എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ തുലാമാസത്തിലെ മഴ കണക്കിലെടുത്ത് എം.ജി. റോഡില്‍ വെളളക്കെട്ട് ഒഴിവാക്കുവാനാണ് തുടര്‍ച്ചയായ ക്ലിനീംഗ് നടത്തുവാന്‍ തീരുമാനിച്ചതെന്നും മേയർ എം.അനിൽകുമാർ അറിയിച്ചു.